കൊച്ചി: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതി നല്‍കാന്‍ ആഹ്വാനം ചെയ്ത ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ സി.പി മാത്യുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈന്‍. രാഷ്ട്രീയ ലാഭത്തിനായി പെണ്ണിന്റെ മാനം വില്‍ക്കുന്ന കോണ്‍ഗ്രസിന്റേത് നെറികെട്ട രാഷ്ട്രീയമെന്നായിരുന്നു ഷൈനിന്റെ വിമര്‍ശനം.
അധികാരക്കൊതി മൂത്ത് സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവിനോട് തെരുവില്‍ വെച്ച് ‘ബ്ലൗസ് വലിച്ചുകീറാന്‍’ നിര്‍ദേശിച്ച ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം നികൃഷ്ടവും അറപ്പുളവാക്കുന്നതുമാണെന്ന് ഷൈന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെഴുതി.
പ്രതിരോധം തീര്‍ക്കാന്‍ ഒരു സ്ത്രീയുടെ ശരീരവും മാനവും കേവലം ആയുധമാക്കുന്ന ഈ ക്രൂരമായ മനോഭാവം കേരളീയ സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. രാഷ്ട്രീയ ലാഭത്തിനായി ഏത് ഹീനമായ വഴിയും സ്വീകരിക്കാന്‍ മടിയില്ലാത്ത ഇത്തരം നേതാക്കള്‍ ജനാധിപത്യത്തിന് തന്നെ വലിയൊരു അപമാനമാണ്.
സ്ത്രീത്വത്തെ ഇത്രത്തോളം വിലകുറച്ച് കാണുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത ഈ സംസ്‌കാരശൂന്യമായ രാഷ്ട്രീയത്തിനെതിരെ കേരളത്തില്‍ ശക്തമായ ജനരോഷം ഉയര്‍ന്നേ മതിയാകൂ എന്നും അവര്‍ പറഞ്ഞു.
ഇടുക്കി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ നടന്ന സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഡി.സി.സി അധ്യക്ഷന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്.
രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ സ്ത്രീകളെ മുന്‍നിര്‍ത്തി വ്യാജ തെളിവുകള്‍ സൃഷ്ടിക്കണമെന്ന് പരസ്യമായി ഇയാള്‍ ഒത്തുകൂടി അണികള്‍ക്ക് മുമ്പില്‍ പ്രസംഗിക്കുകയായിരുന്നു.
എതിരാളികളുമായി രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമ്പോള്‍ വനിതാ നേതാക്കള്‍ ബ്ലൗസ് സ്വയം വലിച്ചുകീറി പരാതി നല്‍കണമെന്നായിരുന്നു ജില്ലയിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ വിചിത്രമായ നിര്‍ദേശം.
ഇത്തരത്തില്‍ ചെയ്തുകഴിഞ്ഞാല്‍ കേസിന്റെ ഗതി മാറുമെന്നും എതിരാളികളെ എളുപ്പത്തില്‍ കുടുക്കാമെന്നും ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒരു പഞ്ചായത്ത് അംഗത്തോട് ഇത്തരത്തില്‍ ചെയ്യാന്‍ താന്‍ നിര്‍ദേശിച്ചതായും മാത്യു പ്രസംഗിച്ചു.
ഇയാളുടെ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.