കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല; സാബു. എം. ജേക്കബിന് ശ്രീനിജന്‍ എം.എല്‍.എയുടെ മറുപടി
Kerala News
കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല; സാബു. എം. ജേക്കബിന് ശ്രീനിജന്‍ എം.എല്‍.എയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2025, 10:03 am

കുന്നത്തുനാട്: കിറ്റെക്സ് എം.ഡി സാബു. എം. ജേക്കബിന് മറുപടിയുമായി കുന്നത്തുനാട് എം.എല്‍.എ അഡ്വ. പി.വി. ശ്രീനിജന്‍. കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ലെന്ന് ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എം.എല്‍.എയുടെ പ്രതികരണം.

‘കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല. മനസിലാക്കിയാല്‍ നന്ന്,’ ശ്രീനിജന്‍ എം.എല്‍.എയുടെ പോസ്റ്റ്. ഇന്നലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാബു. എം. ജേക്കബ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഇനിയും കിറ്റെക്സ് പ്രവര്‍ത്തനം തുടരുമെന്നും അതിന് പിണറായി വിജയന്റേയോ മന്ത്രി പി. രാജീവിന്റേയോ അനുവാദം വേണ്ടെന്നും സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറയുകയായിരുന്നു.

‘കേരളം എന്നത് ഇന്ത്യ രാജ്യത്തെ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് ജനിച്ച് വളര്‍ന്നവരാണ് ഞാനും നിങ്ങളും ഈ പറയുന്നവരുമൊക്കെ. അത് ആരുടേയും പിതൃസ്വത്ത് അല്ല,’ എന്നും സാബു പറഞ്ഞിരുന്നു. പി. രാജീവിന്റേയും എം.എല്‍.എ ശ്രീനിജന്റേയും മക്കളുടെ വിദ്യാഭ്യാസം നടക്കുന്നതെന്ന് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീനിജന്‍ എം.എല്‍.എയുടെ പ്രതികരണം.

സാബുവിനെതിരെ മന്ത്രി പി. രാജീവും രംഗത്തെത്തിയിരുന്നു. സാബു ജേക്കബിന്റേത് വ്യവസായിയുടേതല്ല രാഷ്ട്രീയ നേതാവിന്റെ സ്വരമാണെന്നാണ് രാജീവ് പറഞ്ഞത്. നേരത്തെ ആറ് പേരെ വെച്ച് തുടങ്ങിയ കിറ്റെക്സ് കമ്പനി ഇവിടെ പ്രവര്‍ത്തിച്ച് തന്നെയാണ് തുടങ്ങിയതെന്നും അത് മറക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ കേരളത്തിലേക്ക് കമ്പനികള്‍ കടന്നുവരുന്ന കാലം കൂടിയാണിത്. ഈ ഘട്ടത്തിലും കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്നവര്‍ ഈ നാട്ടിലെ ചെറുപ്പക്കാരോടും ഈ നാടിനോടും മറുപടി പറയേണ്ടിവരുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

തങ്ങള്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ മികച്ച തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. അത് തുടരും. നാട് വളരും. ജനങ്ങള്‍ മുന്നേറും. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlight: Kizhakkambalam is not anyone’s ancestral property; Sabu. Sreenijan MLA’s reply to M. Jacob