കിസാന്‍ മഹാപഞ്ചായത്ത്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കഴിഞ്ഞ കര്‍ഷക സമരത്തേക്കാള്‍ വലിയ സമരം നടത്തും: സംയുക്ത കിസാന്‍ മോര്‍ച്ച
national news
കിസാന്‍ മഹാപഞ്ചായത്ത്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കഴിഞ്ഞ കര്‍ഷക സമരത്തേക്കാള്‍ വലിയ സമരം നടത്തും: സംയുക്ത കിസാന്‍ മോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2023, 5:18 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ രാമില മൈതാനത്ത് നടക്കുന്ന കിസാന്‍ മഹാപഞ്ചായത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിച്ച് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 15 അംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് ടോമറുമായി ചര്‍ച്ച നടത്തിയത്.

കൃഷി ഭവനില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന മീറ്റിങ്ങില്‍ കര്‍ഷകരുടെ മിനിമം താങ്ങ് വില, കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങളാണ് കിസാന്‍ മോര്‍ച്ച ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലെങ്കില്‍ വലിയൊരു കര്‍ഷക സമരത്തിലേക്ക് പോകുമെന്ന് മോര്‍ച്ച പറഞ്ഞു.

പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടെന്ന് കര്‍ഷക നേതാവ് ദര്‍ശന്‍ പാലും പറഞ്ഞു.

‘ഇവിടെ നിരവധി പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളുണ്ട്. ഞങ്ങള്‍ ഏപ്രില്‍ 30ന് മറ്റൊരു മീറ്റിങ്് കൂടി ചേരാന്‍ തീരുമാനിച്ചു. മീറ്റിങ്ങിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും റാലി നടത്തണമെന്നും മഹാ പഞ്ചായത്തുക്കള്‍ സംഘടിപ്പിക്കണമെന്നും ഞാന്‍ ആഹ്വാനം ചെയ്യുന്നു,’ യോഗത്തിന് ശേഷം മൈതാനത്ത് സംഘടിച്ച കര്‍ഷകരെ അഭിസംബോധന ചെയ്ത് ദര്‍ശന്‍ പാല്‍ പറഞ്ഞു.

തങ്ങള്‍ക്ക് എപ്പോഴും സമരം ചെയ്യണമെന്നില്ലെന്നും പക്ഷേ കര്‍ഷകര്‍ അതിന് നിര്‍ബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ക്ക് എപ്പോഴും സമരം ചെയ്യണമെന്നില്ല. എന്നാല്‍ ഞങ്ങള്‍ അതിന് നിര്‍ബന്ധിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അടുത്ത സമരം ആരംഭിക്കും. അത് കര്‍ഷക ബില്ലിനെതിരെ നടന്ന സമരത്തേക്കാള്‍ വലുതായിരിക്കും,’ അദ്ദേഹം പറഞ്ഞു.

മിനിമം താങ്ങുവിലക്കുള്ള നിയമം, വായ്പ തള്ളിക്കളയല്‍, പെന്‍ഷന്‍, ഇല്‍ഷുറന്‍സ്, കര്‍ഷകര്‍ക്ക് നേരെയുള്ള കേസുകള്‍ എഴുതിത്തള്ളല്‍, കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കുക തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പിരിച്ച് വിടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കര്‍ഷകര്‍ക്കുള്ള വൈദ്യുത സബ്‌സിഡി വൈദ്യുത ബില്ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞെന്നും ഇത് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

content hightlight: Kisan Maha Panchayat; Samyukta Kisan Morcha will launch bigger strike than last farmers’ strike if demands not accepted