കോട്ടയം: ഒരു ജനതയെ മുഴുവന്‍ ഒറ്റുകൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിന്റേതെന്ന യാഥാര്‍ഥ്യം ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരിക്കുന്നത് മുനമ്പത്തെ ജനതയെ ഒന്നാകെ തങ്ങള്‍ വഞ്ചിക്കുകയായിരുന്നു എന്ന സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ പാസായതോടെ മുനമ്പം പ്രശ്‌നത്തിന് പരിഹാരമാവും എന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് മുന്‍പും ചൂണ്ടിക്കാണിച്ചതാണെന്നും അതുതന്നെയാണ് യാഥാര്‍ഥ്യമെന്ന് സാക്ഷ്യപ്പെടുത്തുക കൂടിയാണ് മന്ത്രിയുടെ വാക്കുകളെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പം ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും കൊട്ടിഘോഷിച്ചത് പോലെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഇപ്പോള്‍ പാസായ ബില്ലിലെ ഏത് ക്ലോസാണ് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുന്നത് എന്നത് കേന്ദ്ര നിയമമന്ത്രിക്ക് പോലും പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക വിഭജനത്തിന്, സമുദായിക വൈരത്തിന് തിരി കൊളുത്താന്‍ വേണ്ടിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ബി.ജെ.പിയില്‍ നിന്നുമുണ്ടായതെന്നും ഒപ്പം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മേല്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ പോകുന്ന നയപരിപാടികളുടെ ഒരു തുടര്‍ച്ചയും കൂടിയാണിതെന്നും അദ്ദേഹം പറയുകയുണ്ടായി.
പുകമറ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം വല്ലതും ലഭിക്കുമോ എന്നാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വഖഫ് ബില്ലും മുനമ്പം വിഷയവും ബന്ധിപ്പിച്ചുള്ള ബി.ജെ.പിയുടെ വാദങ്ങള്‍ അവരുടെ രാഷ്ട്രീയ അജണ്ടയില്‍ കുറഞ്ഞതൊന്നുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അല്‍പ്പം മുന്‍പ് മുനമ്പത്തെത്തി ആ ജനതയുടെ മുന്‍പില്‍ കേന്ദ്രമന്ത്രി നടത്തിയത് കേവലം രാഷ്ട്രീയ നാടകമായിരുന്നുവെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓര്‍ഗനൈസറിലെ ലേഖനവും ജബല്‍പൂരിലെയും ഒഡീഷയിലെയും ക്രൈസ്തവ ആക്രമണങ്ങളും ബി.ജെ.പിയുടെ ക്രൈസ്തവ സ്‌നേഹം പൊള്ളയായിരുന്നു എന്ന് വിളിച്ചു പറയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് തിരിച്ചറിയുന്നവരാണ് മുനമ്പത്തെ ജനങ്ങളെന്ന് ഉറപ്പുണ്ടെന്ന് ആവര്‍ത്തിക്കുന്നുവെന്നും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും മുനമ്പത്തെ ജനതയോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാവുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വഖഫ് ഭേദഗതിയിലൂടെ മാത്രം മുനമ്പത്ത് നീതി ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു സമ്മതിച്ചിരുന്നു. മുനമ്പത്തെ ജങ്ങള്‍ക്ക് നീതി ലഭിക്കാന്‍ വഖഫ് ഭേദഗതി മാത്രം പോരെന്നും സുപ്രീം കോടതിയില്‍ നിയമ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുനമ്പം ജനതക്ക് നീതി ലഭിക്കാന്‍ നിയമ ഭേദഗതി കോടതിയില്‍ സഹായകമാകുമെന്നും മന്ത്രി പറയുകയുണ്ടായി.
Content Highlight: Kiren Rijiju’s frank statement reveals BJP government’s betrayal of minorities and the common people: KC Venugopal