പാകിസ്ഥാന്റെ അതേ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഏറ്റുപിടിക്കുന്നു; 'വോട്ട് ചോരി'യില്‍ കിരണ്‍ റിജിജു
India
പാകിസ്ഥാന്റെ അതേ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഏറ്റുപിടിക്കുന്നു; 'വോട്ട് ചോരി'യില്‍ കിരണ്‍ റിജിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th September 2025, 5:09 pm

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ ലക്ഷ്യം വെക്കാതെ രാഹുല്‍ ഗാന്ധി തന്റെ ആവര്‍ത്തിച്ചുള്ള പരാജയങ്ങളെ അംഗീകരിക്കണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഗാന്ധി തന്റെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ഉയര്‍ത്തുന്ന അതേ ആരോപണങ്ങള്‍ തന്നെയാണ് രാഹുലും ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദല്‍ഹിയില്‍ എഫ്.ഐ.സി.സി.ഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റിജിജു.

‘തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ നിങ്ങളുടെ ബലഹീനതകളും നേതൃത്വത്തിലെ തന്റെ പരാജയത്തിനെയും അംഗീകരിക്കണം. പക്ഷേ അതിന് പകരം, ഭരണഘടന സ്ഥാപനങ്ങളെ കുറ്റം പറയുകയാണ്. ഇത് ശരിയായ നടപടിയാണോ?

അദ്ദേഹത്തിന്റെ പരാജയങ്ങളെ ന്യായീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഏതെങ്കിലും സ്ഥാപനത്തെ ലക്ഷ്യമിടാനാവില്ല. പാകിസ്ഥാന്‍ എന്ത് കഥകള്‍ ഉണ്ടാക്കിയാലും അത് രാഹുലും അദ്ദേഹത്തിന്റെ കൂട്ടരും ഇന്ത്യയില്‍ പ്രചരിപ്പിക്കുകയാണ്,’ കിരണ്‍ റിജിജു പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കള്ളന്മാരെയും ജനാധിപത്യം നശിപ്പിച്ച ആളുകളെയും സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കര്‍ണാടക നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള ഡാറ്റകളില്‍ നിന്ന് കോണ്‍ഗ്രസ് വോട്ടര്‍മാരുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആസൂത്രിതമായി ഇല്ലാതാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി വെട്ടിയെന്ന് തെളിവുകള്‍ നിരത്തിയാണ് അദ്ദേഹം പ്രസ്താവിച്ചത്. കര്‍ണാടകയിലെ ആലന്ദ് സീറ്റില്‍ നിന്ന് 6018 വോട്ടുകള്‍ ഇല്ലാതാക്കാന്‍ സോഫ്റ്റ് വെയറുകളും ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് ശ്രമിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ചില വോട്ടര്‍മാരെ രാഹുല്‍ വേദിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ രാഹുലിന്റെ ആരോപണങ്ങളെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണെന്നാണ് കമ്മീഷന്‍ പറഞ്ഞത്. വോട്ടുചെയ്യാന്‍ അവകാശമുള്ള വ്യക്തിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കാതെ ഒരു വോട്ടും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Kiran Rijiju says Rahul Gandhi rising same stories that Pakisthan rises and trying to blame institution for his failures