ദി ഫാമിലി സ്റ്റാർ എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം വിജയ് ദേവരകൊണ്ടയുടെ ഗംഭീര മെയ്‌ക്കോവർ കണ്ട ചിത്രമായിരുന്നു കിങ്‌ഡം. തന്റെ ജ്യേഷ്ഠനെ അന്വേഷിച്ച് ശ്രീലങ്കയിലേക്ക് പോകുന്ന സൂര്യ എന്ന പൊലീസ് കോൺസ്റ്റബിളായാണ് വിജയ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ശ്രീലങ്കയിലെത്തുന്ന സൂര്യ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജൂലൈ 31ന് തിയേറ്ററുകളിലെത്തി കിങ്‌ഡം സംവിധാനം ചെയ്തത് ജേഴ്‌സി ഒരുക്കിയ ഗൗതം തിന്നനുരിയാണ്. മലയാളിയായ വെങ്കിടേഷും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.
ഇപ്പോഴിതാ ഡിജിറ്റൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ് കിങ്ഡം. ഓഗസ്റ്റ് 27ന് ഗണേശ ചതുർത്ഥി ദിനത്തിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ കിങ്‌ഡം പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും. ‘സ്വർണത്തിന്റെയും രക്തത്തിന്റെയും അഗ്നിയുടെയും രാജ്യത്തിൽ… ചാരത്തിൽ നിന്ന് ഒരു പുതിയ രാജാവ് ഉയർന്നുവരുന്നു,’ കിങ്‌ഡത്തിന്റെ വരവറിയിച്ചുകൊണ്ട് നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ സ്ട്രീമിങ് പ്ലാറ്റ്ഫോം കുറിച്ചു.
ടൈറ്റിൽ പ്രശ്‌നങ്ങൾ കാരണം കിങ്ഡം ഹിന്ദിയിൽ സാംരാജ്യ എന്നാണ് അറിയപ്പെടുന്നത്. വിജയ്‌യുടെ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡിയുടെ എട്ടാം വാർഷികത്തിലും അദ്ദേഹത്തിന്റെ പരാജയ ചിത്രമായ ലൈഗറിന്റെ മൂന്നാം വാർഷികത്തിലുമാണ് കിങ്‌ഡത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപനം നടത്തിയത്.
കിങ്ഡം ശ്രീലങ്കൻ തമിഴ് വംശജരെ മോശമായാണ് ചിത്രീകരിച്ചത് എന്നാരോപിച്ച് നിരവധി വിമർശനങ്ങൾക്ക് പാത്രമായിരുന്നു. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നാം തമിഴർ കച്ചി (എൻ.ടി.കെ) പ്രവർത്തകർ ട്രിച്ചി തിയേറ്ററുകൾക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പോസ്റ്ററുകൾ കീറുകയും പ്രദർശനം നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ആവശ്യമെങ്കിൽ ചിത്രം പ്രദർശിപ്പിക്കുന്ന സിനിമാ തിയേറ്ററുകൾക്ക് സംരക്ഷണം നൽകണമെന്ന് തമിഴ്‌നാട് സംസ്ഥാന പൊലീസിനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.