കൊത്ത രാജാവ് വീണോ? കിങ് ഓഫ് കൊത്ത രണ്ടാം ദിനം നേടിയത്
Entertainment news
കൊത്ത രാജാവ് വീണോ? കിങ് ഓഫ് കൊത്ത രണ്ടാം ദിനം നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th August 2023, 6:55 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് എന്നാല്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

റിലീസ് ചെയ്ത ആദ്യ ദിനം ചിത്രം അഞ്ചു കോടിക്ക് മുകളില്‍ കേരളത്തില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ
സിനിമ രണ്ടാം ദിനം നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

പ്രമുഖ സിനിമ ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം രണ്ടാം ദിനം കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത് 2.05 കോടി രൂപയാണ്. രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം 7 കോടിക്ക് മുകളില്‍ സ്വന്തമാക്കിയപ്പോള്‍ ലോകമെമ്പാടും നിന്നും സിനിമക്ക് ലഭിച്ചത് ഏകദേശം 22 കോടിക്കടുത്ത് രൂപയാണ്.

വരും ദിവസങ്ങളിലെ ഓണാവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

അതേസമയം കിങ് ഓഫ് കൊത്തക്ക് ആദ്യദിനത്തില്‍ മികച്ച കളക്ഷനായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് ലഭിച്ചത്. ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ചിത്രം നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ചാണ് ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്.

 

കിങ് ഓഫ് കൊത്ത സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത എത്തിയത്.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ് .വി.എഫ്.എക്‌സ്. എറ്റ് വൈറ്റ്, മേക്കപ്പ്: റോക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍ : ഷുഹൈബ് എസ്.ബി .കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്. കിങ് ഓഫ് കൊത്തയുടെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ചിട്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോഡ് തുകക്കാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.

Content Highlight: King of kotha movie latest collection update