നമ്പര്‍ വണ്‍ താരം, അവന്‍ ശക്തമായി തിരിച്ചുവരും: പിന്തുണയുമായി പൊള്ളാര്‍ഡ്
Cricket
നമ്പര്‍ വണ്‍ താരം, അവന്‍ ശക്തമായി തിരിച്ചുവരും: പിന്തുണയുമായി പൊള്ളാര്‍ഡ്
Sudev A
Thursday, 30th April 2026, 5:52 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദെരാബാദിനോട് പരാജയപ്പെട്ടിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഹൈദരാബാദ് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് പന്തുകള്‍ അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയിട്ടും ബൗളര്‍മാര്‍ തിളങ്ങാതെ പോയതാണ് മുംബൈക്ക് തിരിച്ചടിയായത്. ഈ തോല്‍വിക്ക് പിന്നാലെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. മുംബൈയുടെ തോല്‍വിയില്‍ ഏറെ ചര്‍ച്ചയായത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ്. നാല് ഓവറില്‍ വിക്കറ്റ് ഒന്നും നേടാതെ 54 റണ്‍സാണ് ബുംറ വിട്ടുനല്‍കിയത്.

ഇപ്പോള്‍ മോശം ഫോമില്‍ തുടരുന്ന ബുംറക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും മുംബൈയുടെ ബാറ്റിങ് പരിശീലകനുമായ കെയ്റോണ്‍ പൊള്ളാര്‍ഡ്. ബുംറ നമ്പര്‍ വണ്‍ ബൗളര്‍ ആണെന്നും ശക്തമായി തിരിച്ചെത്തി വിക്കറ്റുകള്‍ നേടുമെന്നുമാണ് പൊള്ളാര്‍ഡ് പറഞ്ഞത്. ഒരു മനുഷ്യനെന്ന നിലയില്‍ ബുംറക്ക് തെറ്റുകള്‍ വരുത്താന്‍ അവകാശമുണ്ടെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

‘വര്‍ഷങ്ങളായി ബുംറ ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു മനുഷ്യനെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് തെറ്റുകള്‍ വരുത്താന്‍ അവകാശമുണ്ട്. ചിലപ്പോള്‍ നിങ്ങള്‍ക്ക് നല്ല ദിവസം ആയിരിക്കില്ല. ഒരു നല്ല സീസണ്‍ പോലും ഉണ്ടാവില്ല. രണ്ട് മാസത്തോളം നന്നായി കളിക്കാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹം ചെയ്ത മികച്ച കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. അദ്ദേഹം ഇപ്പോഴും മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യയിലെയും നമ്പര്‍ വണ്‍ ബൗളറാണ്. ഇപ്പോള്‍ ബുംറ അല്‍പ്പം പുറകോട്ട് പോയാലും ഭാവിയില്‍ അദ്ദേഹത്തിന് ഗുണമുണ്ടായേക്കാം. അദ്ദേഹം ശക്തമായി തിരിച്ചുവരും വിക്കറ്റുകളും നേടും’, പൊള്ളാര്‍ഡ് പറഞ്ഞു.

ഈ സീസണില്‍ ഇതുവരെ ബുംറയ്ക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഏഴ് മത്സരങ്ങളില്‍ കളിച്ച താരത്തിന് ഇതുവരെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. സീസണിലെ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ബുംറ ഒരു വിക്കറ്റ് പോലും വീഴ്ത്തിയിട്ടില്ല.

അതേസമയം മെയ് രണ്ടിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. സീസണില്‍ ഇരുടീമുകളും ഇതിന് മുമ്പ് മുഖാമുഖമെത്തിയപ്പോള്‍ വിജയം സി.എസ്.കെക്കായിരുന്നു. 103 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ചെന്നൈ സ്വന്തമാക്കിയിരുന്നത്.

Content Highlight: Kieron Pollard Talks About Jasprit Bumrah Performance in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.