കുട്ടികള്‍ പൊതുവെ സന്തോഷമുള്ളവരായിരിക്കും. എന്നാല്‍ ചിലകുട്ടികളുണ്ട് യാതൊരു ഉത്സാഹവുമില്ലാതെ കാണപ്പെടും. സ്‌ക്കൂളിലായാലും വീട്ടിലായാലും ഇവര്‍ക്ക് യാതൊരു സന്തോഷവുമുണ്ടാവില്ല. ഇത്തരം കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ലിവര്‍പൂളിലെ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നത്.
സ്‌ക്കൂളിലും വീട്ടിലും ഉത്സാഹമില്ലാതെ കാണപ്പെടുന്ന കുട്ടികള്‍ മദ്യത്തിലും സെക്‌സിലും ആകര്‍ഷിക്കപ്പെടാനിടയുണ്ടെന്നാണ് പഠനം പറയുന്നത്. 13 വയസുള്ള മദ്യപിക്കുന്ന കുട്ടികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. കുടിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ധിക്കുന്നതിനുസരിച്ച് ലൈംഗികതയോടുള്ള താല്‍പര്യം നേരത്തെയുണ്ടാകും.
മദ്യവും ലൈംഗികതയും തമ്മിലുള്ള ബന്ധമല്ല നമ്മള്‍ പരിശോധിക്കുന്നത്. മറിച്ച് ഇത്തരം കുട്ടികള്‍ വീട്ടിലും, സ്‌ക്കൂളിലും ദുഃഖിതരായി കാണപ്പെടുന്നതെന്തുകൊണ്ടാണെന്നാണ്.
സ്‌ക്കൂളില്‍ പോകാന്‍ മടികാണിക്കുന്ന കുട്ടികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരിക്കാനുള്ള സാധ്യത മറ്റുള്ളവരുടേതിനെക്കാള്‍ രണ്ടര മടങ്ങ് അധികമാണ്. സ്‌ക്കൂളില്‍ പോകാനുള്ള ഇഷ്ടക്കേട് തന്നെയാണ് മദ്യത്തിലേക്കും നയിക്കുന്നതെന്നും പഠനം നടത്തിയ ഡോ. മാര്‍ക്ക് ബെല്ലിസ് പറയുന്നു.
ഇത്തരം കുട്ടികള്‍ക്ക് കുടുംബവുമായി അടുപ്പമുണ്ടാവില്ല. വിദ്യാഭ്യാസപരമായ പുരോഗതിയും ഉണ്ടാവില്ല. ഇവരില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ കൂടുന്നതായും, കൗമാരത്തില്‍ ഗര്‍ഭിണിയാവാനുള്ള സാധ്യത വര്‍ധിക്കുന്നതായും പഠനത്തില്‍ പറയുന്നു.
സബ്സ്റ്റന്‍സ് അബ്യൂസ് എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
