വൃക്കയിലും മൂത്രദ്വാരത്തിലുമായി കാണപ്പെടുന്ന കട്ടികൂടിയ കല്ലുകളാണ് മൂത്രാശയ കല്ലുകള്‍. വൃക്കകള്‍ക്ക് ആവശ്യമായ വെള്ളം കിട്ടാതെ വരുമ്പോള്‍ സാന്ദ്രത കൂടിയ ഖരമാലിന്യങ്ങള്‍ പരലുകളായി അടിഞ്ഞുകൂടി പരസ്പരം ഒട്ടിച്ചേര്‍ന്നാണ് ഈ കല്ലുകള്‍ രൂപപ്പെടുന്നത്.
ഇത് രൂപത്തിലും ഭാവത്തിലും പല തരത്തിലുള്ളവയാണ്. സാധാരണയായി തടസങ്ങളുണ്ടാകുന്നതുവരെ നമ്മള്‍ ഇത് തിരിച്ചറിയാറില്ല. മൂത്രാദ്വാരത്തിലേക്ക് ഈ കല്ല് കടക്കുമ്പോള്‍ അസഹ്യമായ വേദനയായിരിക്കും അനുഭവപ്പെടുക.
സാധാരണായി കണ്ടുവരുന്ന പ്രശ്‌നമാണ് മൂത്രാശയ കല്ല്. പലരും ഇത് അനുഭവിച്ചവരായിരിക്കും. ഇത് ജീവഹാനിയായ ഒരു രോഗമല്ല. എന്നാല്‍ സംശയങ്ങള്‍ അവഗണിച്ചാല്‍ ഒരുപക്ഷെ കഠിനമായ വേദനയായിരിക്കും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരിക. മൂത്രാശയ കല്ലിന്റെ ലക്ഷണങ്ങളും കാരണവും അതിനുള്ള ചികിത്സകളുമാണ് ഇവിടെ.
കാരണങ്ങള്‍
മൂത്രാശയ കല്ലുകള്‍ക്ക് കൃത്യമായ ഒരു കാരണം പറയാന്‍ സാധിക്കില്ല. കാത്സ്യം, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ദാതുക്കളെ മൂത്രത്തിന് ലയിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുമ്പോഴാണ് ഇത് രൂപപ്പെടുന്നത്. ഈ ദാതുക്കള്‍ പരസ്പരം ഒട്ടിച്ചേരുകയും മൂത്രാശയക്കല്ലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. മൂത്രാശയക്കല്ലിന്റെ സ്വഭാവം അറിയുന്നതിലൂടെ അതിനുള്ള കാരണമെന്തെന്നും മനസ്സിലാക്കാന്‍ സാധിക്കും. അതിലൂടെ ഭാവിയിലുണ്ടായേക്കാവുന്ന സമാനമായ പ്രശ്‌നങ്ങളെ തടയാനാവും.
ലക്ഷണങ്ങള്‍
മൂത്രത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തിക്കൊണ്ട് കല്ല് മൂത്രദ്വാരത്തിലേക്ക് കടക്കുമ്പോഴാണ് മൂത്രാശയ കല്ലിനെ ഏവരും തിരിച്ചറിയുക. കഠിനമായ വേദനായായിരിക്കും ഈ സമയത്തുണ്ടാവുക. ഇവിടെയിതാ മൂത്രാശയക്കല്ലിന്റെ ചില ലക്ഷണങ്ങള്‍.
1. അടിവയറ്റിനും പിന്‍ഭാഗത്തും കഠിനമായ വേദന
2. നാഭി പ്രദേശത്തേക്കും വൃഷ്ണ ഭാഗത്തേക്കും ഇത് വ്യാപിക്കുന്നു
3. മൂത്രത്തില്‍ രക്തം
4. മനംപിരട്ടലോ ചര്‍ദ്ദിയോ
5. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അനുഭവപ്പെടുക
ചികിത്സ
മൂത്രാശയക്കല്ലിന്റെ സ്വഭാവം അനുസരിച്ചാണ് അതിന്റെ ചികിത്സ തീരുമാനിക്കപ്പെടുന്നത്.
5 മില്ലി മീറ്റര്‍ വരുന്ന ചെറിയ കല്ലുകള്‍ മൂത്രത്തിലൂടെ തന്നെ കടന്നു പോയ്‌ക്കൊള്ളും. ധാരാളം വെള്ളം കുടിക്കാനായിരിക്കും ഡോക്ടര്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുക. വെള്ളം കല്ലുകളെ ശരീരത്തിന് പുറത്തേക്ക് ഒഴുക്കികളയുന്നു. എന്നാല്‍ അതിനു ശേഷവും പരിശോധന നടത്തേണ്ടതുണ്ട്.
10 മില്ലി മീറ്ററിന് മുകളിലാണ് കല്ലിന്റെ വലിപ്പമെങ്കില്‍ അതിനെ ഉടയ്ക്കാനുള്ള മരുന്നുകളായിരിക്കും ഡോക്ടര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുക. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ അത് മൂത്രത്തിലൂടെ കടന്ന് പൊയ്‌ക്കൊള്ളും.
മൂത്രാശയ കല്ലിനുള്ള സാധാരണമായ ചികിത്സാരീതിയാണ് “എക്‌സട്രാകോര്‍പോറിയല്‍ ഷോക്ക് വേവ് ലിതോട്രിപ്‌സി. ഈ ചികിത്സയില്‍ അടിവയറിലൂടെ കടത്തിവിടുന്ന വൈദ്യുത തരംഗങ്ങള്‍ വൃക്കയിലെത്തി അതിനുള്ളിലെ കല്ലുകളെ ഉടച്ചു കളയുന്നു. തുടര്‍ന്ന് കല്ല് മൂത്രത്തിലൂടെ പുറത്തുകളയുന്നു.
ഈ പറഞ്ഞ വഴികളിലൂടെയൊന്നും നീക്കം ചെയ്യാന്‍ കഴിയാത്ത വലിയ കല്ലുകളെ താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴിയാണ് നീക്കം ചെയ്യുക. അത്തരം ശസ്ത്രക്രിയകള്‍ക്ക് ഉദാഹരണം: Percutaneous nephrolithotomy or a Ureteroscopy.
