'ഇതുവരെ ചെയ്തതില്‍ ഏറ്റവും കഠിനമായ വേഷം'; എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി കുറിപ്പ് പങ്കുവെച്ച് കിയാര അദ്വാനി
Indian Cinema
'ഇതുവരെ ചെയ്തതില്‍ ഏറ്റവും കഠിനമായ വേഷം'; എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി കുറിപ്പ് പങ്കുവെച്ച് കിയാര അദ്വാനി
ഐറിന്‍ മരിയ ആന്റണി
Monday, 22nd December 2025, 6:22 pm

ടോക്‌സികിലെ തന്റെ ക്യാരക്ടര്‍ പോസ്റ്ററിന് കിട്ടിയ സ്വീകാര്യതക്ക് നന്ദി അറിയിച്ച് നടി കിയാര അദ്വാനി. ശാരീരികമായും മാനസികമായുമുള്ള എഫേര്‍ട്ടുകള്‍ തന്നില്‍ നിന്ന് ഡിമാന്‍ഡ് ചെയ്ത വേഷമാണ് ടോക്‌സികിലെ നാദിയയെന്ന് കിയാര എക്‌സില്‍ കുറിച്ചു.

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ കന്നഡ സൂപ്പര്‍ സ്റ്റാര്‍ യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. വലിയ ഹൈപ്പിലെത്തുന്ന ചിത്രത്തില്‍ വന്‍താര നിര തന്നെയുണ്ട്. ഇന്നലെയാണ് ചിത്രത്തിലെ കിയാര അദ്വാനിയുടെ ക്യാരകടര്‍ പോസ്റ്റര്‍ പുറത്ത് വന്നത്.

ചിത്രത്തില്‍ നാദിയ എന്ന കഥാപാത്രമായാണ് കിയാര എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് കിയാര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘ ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും കഠിനമായ വേഷമാണ് ടോക്‌സികിലെ നാദിയ. മാസങ്ങളുടെ കഠിനാധ്വാനം ഒരു നിര്‍ഭയമായ യാത്രയായിരുന്നു അത്. ഈ ഫസ്റ്റ് ലുക്കിന് ലഭിക്കുന്ന സ്‌നേഹം കാണുമ്പോള്‍ വലിയ സന്തോഷം. അത് എന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. എല്ലാവര്‍ക്കും വാക്കുകള്‍ക്കതീതമായി നന്ദി,’ കിയാര കുറിച്ചു.

കിയാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ശ്രദ്ധ കപൂര്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ഇന്നലെയാണ് ചിത്രത്തിന്റ സംവിധായിക ഗീതു മോഹന്‍ദാസ് പോസ്റ്റര്‍ പങ്കുവെച്ചത്.

കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണനും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്സിക് നിര്‍മിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാണ് ടോക്സിക് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സിനിമയില്‍ നയന്‍താര, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വന്‍താരനിര തന്നെയുണ്ട്.

Content Highlight: Kiara Advani expressed her gratitude for the acceptance she received for her character poster in Toxic

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.