പോക്കിരിരാജക്ക് ശേഷം പൃഥ്വിരാജും വൈശാഖും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഖലീഫ. 2020ല്‍ അനൗണ്‍സ് ചെയ്ത ചിത്രം കൊവിഡ് കാരണം നീണ്ടുപോവുകയായിരുന്നു. അടുത്തിടെ ചിത്രത്തിന്റെ ഷൂട്ട് ദുബായില്‍ ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
പൃഥ്വിരാജിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഗ്ലിംപ്‌സ് പുറത്തുവിട്ടത്. സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗ്യാങ് വാറുമാണ് ചിത്രത്തിന്റെ പ്രമേയം. കസ്റ്റംസിന് പിടികൂടാനാകാത്ത അമീര്‍ അലിയെ പൂട്ടാന്‍ കോഫെപോസ ആക്ട് കൊണ്ടുവരുന്നു എന്ന് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് അമീറിന്റെ വിശ്വസ്തനായ ഹംസ അമീറിനെക്കുറിച്ച് പറയുന്നതിലൂടെയാണ് വീഡിയോ വികസിക്കുന്നത്.
വിദേശ ലൊക്കേഷനുകളിലൊരുങ്ങിയ ആക്ഷന്‍ സീനുകളും പൃഥ്വിരാജിന്റെ സ്വാഗുമാണ് വീഡിയോയുടെ ഹൈലൈറ്റ്. അമീര്‍ അലിയെന്ന ഗ്യാങ്‌സ്റ്റര്‍ പൃഥ്വിരാജിന്റെ സ്റ്റാര്‍ഡം ഉയര്‍ത്തുന്ന കഥാപാത്രമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ആക്ഷന്‍ സീനുകളിലെല്ലാം പൃഥ്വിയുടെ ടൈമിങ് ഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ദുബായ്, ലണ്ടന്‍, യു.എസ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ദുബായിലെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ അവസാനിച്ചിരുന്നു. രാജമൗലിയുടെ പാന്‍ വേള്‍ഡ് ചിത്രം, നിസാം ബഷീറിന്റെ നോബഡി, വിപിന്‍ ദാസിന്റെ സന്തോഷ് ട്രോഫി എന്നിവയുടെ കൂടെ ഖലീഫയുടെ ഷൂട്ടിലും മാറിമാറിയാണ് പൃഥ്വി ഭാഗമാകുന്നത്.
2026 ഓണം റിലീസായിട്ടാണ് ഖലീഫ തിയേറ്ററുകളിലേക്കെത്തുന്നത്. കടുവക്ക് ശേഷം ജിനു വി. എബ്രഹാം പൃഥ്വിരാജിനായി തിരക്കഥയൊരുക്കിയ ചിത്രമാണ് ഖലീഫ. ടര്‍ബോക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കംപ്ലീറ്റ് ആക്ഷന്‍ പാക്കേജാണ്. ലോകഃയില്‍ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളൊരുക്കിയ യാനിക് ബെന്നാണ് ഖലീഫയുടെ ആക്ഷന്‍ രംഗം കൈകാര്യം ചെയ്യുന്നത്.
ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ഗ്ലിംപ്‌സിനായി ഒരുക്കിയ സംഗീതവും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ജേക്‌സ് ഭാഗമാകുന്ന മലയാളസിനിമ കൂടിയാണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ വരുംദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ അറിയിക്കും.
Content Highlight: Khalifa movie first glimpse out now