ഉത്തരവാദിത്തം കാണിക്കൂ, ഇങ്ങനെയല്ല ഒരു ടീമിനെ നയിക്കേണ്ടത്; പന്തിനെതിരെ വിമര്‍ശനവുമായി ഇതിഹാസം
IPL
ഉത്തരവാദിത്തം കാണിക്കൂ, ഇങ്ങനെയല്ല ഒരു ടീമിനെ നയിക്കേണ്ടത്; പന്തിനെതിരെ വിമര്‍ശനവുമായി ഇതിഹാസം
ആദര്‍ശ് എം.കെ.
Thursday, 2nd April 2026, 8:48 am

 

ലഖ്‌നൗ നായകന്‍ റിഷബ് പന്ത് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ടീമിനെ നയിക്കുന്ന രീതിയില്‍ പന്ത് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ബാറ്റിങ് ഓര്‍ഡറില്‍ മുന്നോട്ട് വരണമെന്നുമാണ് പീറ്റേഴ്‌സണ്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തിന് മുന്നോടിയായാണ് കഴിഞ്ഞ സീസണില്‍ ദല്‍ഹിയുടെ മെന്ററായിരുന്ന പീറ്റേഴ്‌സണ്‍ പന്തിനെ വിമര്‍ശിച്ചത്.

കെവിന്‍ പീറ്റേഴ്‌സണ്‍

ഐ.പി.എല്‍ 2025ല്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഒരു മത്സരത്തെ കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു. അന്ന് പന്ത് സ്വയം ബാറ്റിങ് ഓര്‍ഡറില്‍ ഏഴാം നമ്പറിലേക്ക് ഡീമോട്ട് ചെയ്യുകയും, ഇന്നിങ്സില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ക്രീസിലെത്തി പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് പുതിയ സീസണില്‍ പന്ത് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് പീറ്റേഴ്‌സണ്‍ ആവശ്യപ്പെട്ടത്.

റിഷബ് പന്ത്

‘കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍, റിഷബ് പന്ത് ആറാം നമ്പറിലോ ഏഴാം നമ്പറിലോ ആയിരുന്നു ബാറ്റ് ചെയ്തത്. അത് അദ്ദേഹത്തിന് യോജിച്ച സ്ഥാനമല്ല. കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമാണിത് എന്ന് ഞാന്‍ കരുതുന്നു.

അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍, മികച്ച ക്യാപ്റ്റനായി മാറാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് തോന്നുന്നു. തന്റെ ടീമിനെ കൂടുതല്‍ നന്നായി മനസ്സിലാക്കുന്ന ഒരാളായി അദ്ദേഹം വളര്‍ന്നിട്ടുണ്ട്. ഈ സീസണില്‍ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറിക്കൊണ്ട് ആ ഉത്തരവാദിത്തം അദ്ദേഹം തെളിയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” ജിയോ ഹോട്‌സ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.

‘ടി20 ക്രിക്കറ്റില്‍ അഞ്ച്, ആറ്, ഏഴ് നമ്പറുകള്‍ വരെ കാത്തുനില്‍ക്കാന്‍ കഴിയുന്ന താരമല്ല പന്ത്. അദ്ദേഹം ടോപ്പ് ഓര്‍ഡറില്‍ തന്നെ ഇറങ്ങേണ്ടതുണ്ട്. പിച്ചില്‍ പോപ്പിങ് ക്രീസില്‍ ആധിപത്യം സ്ഥാപിക്കുകയും കളിയെ നിയന്ത്രിക്കുകയും ചെയ്യേണ്ടത് അദ്ദേഹമാണ്.

റിഷബ് പന്ത്

കഴിഞ്ഞ വര്‍ഷം ഇവിടെ അദ്ദേഹം ഏത് സ്ഥാനത്താണ് ബാറ്റ് ചെയ്തതെന്ന് എനിക്ക് ഓര്‍മയില്ല, പക്ഷേ അദ്ദേഹം നിരന്തരം സ്വയം ഡീമോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ടീമിനെ നയിക്കാനുള്ള ശരിയായ രീതിയല്ല അത്. ഉത്തരവാദിത്തം ഏറ്റെടുക്കുക, കളിയെ നിയന്ത്രിക്കുക, ടീമിനെ വിജയിപ്പിക്കുക,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മത്സരത്തില്‍ ഓപ്പണറായി സ്വയം പ്രൊമോട്ട് ചെയ്‌തെങ്കിലും തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല. ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി നില്‍ക്കവെ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്‍ ഔട്ടായി താരം മടങ്ങുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹി ആറ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ടീം 141ന് പുറത്തായി. സമീര്‍ റിസ്വിയുടെയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും കരുത്തില്‍ ദല്‍ഹി അനായാസ ജയം സ്വന്തമാക്കുകയുമായിരുന്നു.

ഏപ്രില്‍ അഞ്ചിനാണ് ലഖ്‌നൗ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ സണ്‍റൈസേഴ്‌സാണ് എതിരാളികള്‍.

 

Content Highlight: Kevin Pieterson criticize Rishabh Pant

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.