കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി
Kevin Murder
കെവിന്‍ വധക്കേസ്: രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 10:03 pm

കോട്ടയം: കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി. 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീര്‍ എന്നിവരാണ് മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം മൂന്നായിരിക്കുകയാണ്.

2018 ജൂണ്‍ 7ന് രണ്ടാം പ്രതിയായ നിയാസിന്റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ മഹസര്‍ സാക്ഷികളായിരുന്നു ഇരുവരും. തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈല്‍ വീട്ടില്‍ നിന്നെടുത്ത് പൊലീസിന് കൈമാറിയെന്ന് ഇരുവരും നേരത്തെ മൊഴി നല്‍കിയിരുന്നു.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിസ്താരത്തിനിടെയാണ് സാക്ഷികള്‍ ഈ മൊഴി മാറ്റിപ്പറഞ്ഞത്. പൊലീസ് എന്തിനാണ് നിയാസിന്റെ വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും നിയാസ് മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറുന്നത് കണ്ടില്ലെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു.

പേപ്പറില്‍ എഴുതിയിരുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മൊഴി നല്‍കി. ഇതോടെ ഇരു സാക്ഷികളും കൂറുമാറിയതായി കോടതി രേഖപ്പെടുത്തി. നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു.

അതേസമയം ഇന്ന് വിസ്തരിച്ച മറ്റു രണ്ട് സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ഇവര്‍ കെവിന്റെ മുണ്ടും പ്രതികള്‍ ഉപയോഗിച്ച വാളും കണ്ടെടുത്തു.