ചരിത്രത്തിലേക്ക് ബെല്‍ജിയന്‍ കാല്‍പാടുകള്‍; സുവര്‍ണ നേട്ടത്തില്‍ ജിഞ്ചര്‍ പെലെ
FIFA World Cup 2026
ചരിത്രത്തിലേക്ക് ബെല്‍ജിയന്‍ കാല്‍പാടുകള്‍; സുവര്‍ണ നേട്ടത്തില്‍ ജിഞ്ചര്‍ പെലെ
സുദേവ് എ
Saturday, 27th June 2026, 11:54 am

2026 ഫിഫ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി ബെല്‍ജിയം. ഗ്രൂപ്പ് ജി-യില്‍ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബെല്‍ജിയം അടുത്ത റൗണ്ടിലേക്ക് കടന്നത്.

മത്സരത്തില്‍ ഒരു പുത്തന്‍ നാഴികക്കല്ലാണ് ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയ്ന്‍ സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ ഒരു ഗോള്‍ നേടി തിളങ്ങിയ ഡി ബ്രൂയ്ന്‍ മൂന്ന് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മാറി. ഇതിന് മുമ്പ് 2014, 2018 ലോകകപ്പുകളിലാണ് താരം എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ യു.എസിനെതിരെയാണ് ഡി ബ്രൂയ്ന്‍ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 2018ലെ റഷ്യന്‍ ലോകകപ്പില്‍ കരുത്തരായ ബ്രസീലിനെതിരെയും താരം ഗോള്‍ നേടി. ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലോകകപ്പിലും ലക്ഷ്യം കണ്ടതോടെയാണ് ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ പുത്തന്‍ നേട്ടവും തന്റെ പേരിലാക്കി മാറ്റിയത്.

അതേസമയം മത്സരത്തില്‍ ഡി ബ്രൂയ്‌ന് പുറമെ ലിയാന്‍ഡ്രോ ട്രോസാര്‍ഡ് ഇരട്ട ഗോള്‍ നേടി ടീമിന് വമ്പന്‍ വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. റൊമേലോ ലുക്കാക്കു, അലക്‌സിസ് സെയ്ലെമേക്കേഴ്‌സ് എന്നിവര്‍ ഓരോ ഗോളും നേടി തിളങ്ങി. ന്യൂസിലാന്‍ഡിനായി ആശ്വാസ ഗോള്‍ നേടിയത് എലിജാ ജസ്റ്റായിരുന്നു.

മത്സരത്തില്‍ സര്‍വാധിപത്യവും ബെല്‍ജിയത്തിന്റെ കൈകളിലായിരുന്നു. 55 ശതമാനം ബോള്‍ പൊസഷന്‍ നിലനിര്‍ത്തിയ ബെല്‍ജിയം 33 ഷോട്ടുകളാണ് ന്യൂസിലാന്‍ഡ് പോസ്റ്റിലേക്ക് പായിച്ചത്. ഇതില്‍ 10 ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളില്‍ നിന്നും രണ്ടെണ്ണം മാത്രമാണ് ന്യൂസിലാന്‍ഡിന് എതിര്‍ പോസ്റ്റിലെത്തിക്കാന്‍ സാധിച്ചത്.

 

Content Highlight: Kevin de bruyne create a new record in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.