ദല്‍ഹിയില്‍ ഗര്‍ഭിണികളടക്കം മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു; സ്വകാര്യ വാഹനങ്ങള്‍ യാത്രയ്ക്ക് മൂന്ന് ലക്ഷം വരെ ചോദിക്കുന്നു; നോര്‍ക്കയും കേരളഹൗസും കയ്യൊഴിഞ്ഞെന്നും പരാതി
India
ദല്‍ഹിയില്‍ ഗര്‍ഭിണികളടക്കം മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു; സ്വകാര്യ വാഹനങ്ങള്‍ യാത്രയ്ക്ക് മൂന്ന് ലക്ഷം വരെ ചോദിക്കുന്നു; നോര്‍ക്കയും കേരളഹൗസും കയ്യൊഴിഞ്ഞെന്നും പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2020, 12:28 pm

ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ മൂലം നാട്ടിലേക്ക് തിരിച്ചെത്താനാവാതെ ദല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നു. മൂന്നു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഇരുപതോളം മലയാളികളാണ് പട്പര്‍ഗഞ്ചിലെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലും നോര്‍ക്കയിലും കേരളാ ഹൗസിലും സഹായത്തിനായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ യാത്രയ്ക്ക് മൂന്ന് ലക്ഷം രൂപ വരെയാണ് ചോദിക്കുന്നതെന്നും നഴ്‌സുമാര്‍ പറഞ്ഞു.

നിലവില്‍ തങ്ങള്‍ക്കാര്‍ക്കും ജോലി ഇല്ലെന്നും നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ വന്നതെന്നും നാട്ടില്‍ നിന്നും വീട്ടുകാര്‍ അയച്ചു നല്‍കുന്ന പണം കൊണ്ടാണ് ഇപ്പോള്‍ കഴിയുന്നതെന്നും നഴ്‌സുമാര്‍ പറഞ്ഞു.

അതിനിടെ ജയ്പൂരിലും 25 ഓളം വരുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ ദുരിതത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. താമസിക്കുന്ന ഹോസ്റ്റലുകള്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ആക്കിയതോടെ താമസിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതിനിടെ, അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്‍ ആരോപിച്ചിട്ടുണ്ട്.

വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ എന്ന് നാട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് ഇതിന് കഴിഞ്ഞില്ലെങ്കില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും മുഖ്യമന്ത്രി അനുമതി നല്‍കുകയേ വേണ്ടൂ എന്നും കെ.മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക