പെയ്‌തൊഴിയാതെ കാലവര്‍ഷം; നാളെ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Kerala News
പെയ്‌തൊഴിയാതെ കാലവര്‍ഷം; നാളെ ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
ആദർശ് എം.കെ.
Sunday, 5th July 2026, 7:38 am

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (ജൂലൈ ആറ്) കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയാണ് ഇവിടെ പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.

ജൂലൈ ഏഴിന് കാസര്‍ഗോഡിനും കണ്ണൂരിനും പുറമെ കോഴിക്കോട് ജില്ലയിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.

ഇന്ന് (ജൂലൈ 5) കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും ഈ മൂന്ന് ജില്ലകളില്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

നാളെ (ജൂലൈ 6) എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ ഏഴിനും എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ എട്ടിന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.

കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മത്സ്യബന്ധന വിലക്ക് തുടരും. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Content Highlight: Kerala Weather Updates

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.