തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്

നാളെ ജൂലൈ മൂന്നിന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. കൂടാതെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ ജൂലൈ നാലാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ വലിയ നാശനഷ്ടങ്ങള്‍ക്കും ജീവഹാനിക്കും കാരണമായേക്കാമെന്നതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക: ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.

വീടിനുള്ളില്‍ ശ്രദ്ധിക്കാന്‍: ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും അവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യുക.

ഫോണ്‍ ഉപയോഗം: ഇടിമിന്നലുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം, എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

യാത്രക്കാര്‍ ശ്രദ്ധിക്കാന്‍: സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തില്‍ അഭയം തേടണം. കാറിനുള്ളിലോ മറ്റ് അടച്ച വാഹനങ്ങള്‍ക്കുള്ളിലോ ഉള്ളവര്‍ അതിനുള്ളില്‍ തന്നെ തുടരുന്നത് സുരക്ഷിതമാണ്.

ജലാശയങ്ങള്‍: ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. മീന്‍പിടുത്തം, ബോട്ടിങ് എന്നിവ നിര്‍ത്തിവെച്ച് ഉടന്‍ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം.

മറ്റ് നിര്‍ദേശങ്ങള്‍: അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികള്‍ ടെറസിലോ മുറ്റത്തോ കളിക്കുന്നത് ഒഴിവാക്കുക. വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടരുത്. ടെറസിലോ മരക്കൊമ്പിലോ ഉയരമുള്ള സ്ഥലങ്ങളിലോ ഇരിക്കുന്നത് ഒഴിവാക്കുക.

തുറസായ സ്ഥലത്താണെങ്കില്‍: കെട്ടിടത്തിലേക്ക് മാറാന്‍ കഴിയാത്ത പക്ഷം, പാദങ്ങള്‍ ചേര്‍ത്തുവച്ച് തല മുട്ടുകള്‍ക്കിടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക.

പ്രഥമ ശുശ്രൂഷ: മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല എന്നതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. ആദ്യ 30 സെക്കന്‍ഡുകള്‍ ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്

വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടറുകളും കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ രക്ഷാ ചാലകങ്ങളും സ്ഥാപിക്കാവുന്നതാണെന്നും നിര്‍ദേശമുണ്ട്.

 

Content Highlight: Kerala Weather Updates