പുതുഭരണത്തില്‍ കേരളം; അധികാരമേറ്റ് ടീം വി.ഡി.എസ്
Daily News
പുതുഭരണത്തില്‍ കേരളം; അധികാരമേറ്റ് ടീം വി.ഡി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2026, 11:53 am

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 21 അംഗ കാബിനറ്റ് ആണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ധനം, തുറമുഖം വകുപ്പുകളുടെ  ചുമതല മുഖ്യമന്ത്രി വി.ഡി. സതീശനാണ്.
2001 മുതല്‍ പറവൂര്‍ മണ്ഡലത്തില്‍ നിന്ന് സഭയിലെത്തുന്ന വി.ഡി സതീശന്‍ ഇതാദ്യമായാണ് ഒരു മന്ത്രിസഭയില്‍ അംഗമാവുന്നത്. മന്ത്രിസഭയിലെ കന്നി പ്രവേശനത്തില്‍ തന്നെ മുഖ്യമന്ത്രിയാവാന്‍ വി.ഡി സതീശന് സാധിച്ചു.

കേരളത്തിന്റെ 24-ാം മുഖ്യമന്ത്രിയായിട്ടാണ് വി.ഡി സതീശന്‍ അധികാരമേറ്റത്. എന്നാല്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനത്തെത്തുന്ന പതിമൂന്നാമത്തെ വ്യക്തിയാണ് വി.ഡി. സതീശന്‍. ദൈവ നാമത്തിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ.

സതീശന് പിറകെ മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് അദ്ദേഹം. ഒമ്പത് തവണ എം.എല്‍.എ ആയ കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറത്ത് നിന്നാണ് നിയമ സഭയിലെത്തിയത്. വ്യവസായം, ഐ.ടി വകുപ്പുകളാണ് കുഞ്ഞാലിക്കുട്ടിക്ക്.

രമേശ് ചെന്നിത്തല മൂന്നാമതായി അധികാരമേറ്റു. ആഭ്യന്തര വകുപ്പാണ് ചെന്നിത്തലക്ക്. മൂന്നാം തവണയാണ് അദ്ദേഹം മന്ത്രിയാവുന്നത്. ആറ് തവണ എം.എല്‍.എയും നാല് തവണ ലോക്‌സഭാംഗവും ആയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. പേരാവൂരില്‍ നിന്നുള്ള എം.എല്‍.എ ആയ സണ്ണി ജോസഫിന് റവന്യൂ വകുപ്പാണ് ലഭിക്കുക.

കെ. മുരളീധരന്‍ ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റു. വട്ടിയൂര്‍ക്കാവ് എം.എല്‍.എയായ അദ്ദേഹം രണ്ടാം തവണയാണ് മന്ത്രിയാവുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫാണ് മുരളീധരന് പിറകെ സത്യപ്രതിജ്ഞ ചെയ്തത്. ജല വിഭവ വകുപ്പാണ് മോന്‍സ് ജോസഫിന്.

ആര്‍.എസ്.പി നേതാവും ചവറ എം.എല്‍.എയുമായ ഷിബു ബേബി ജോണ്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം തവണയാണ് അദ്ദേഹം മന്ത്രിസഭയിലെത്തുന്നത്. മുന്‍പും തൊഴില്‍മന്ത്രിയായിട്ടായിരുന്നു അദ്ദേഹം മന്ത്രിസഭയിലെത്തിയത്. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബ്, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവരാണ് സ്ഥാനമേറ്റത്. ആദ്യമായാണ് സി.പി. ജോണ്‍ നിയമസഭയിലെത്തുന്നത്.

വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍ കുമാര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥ് എന്നിവര്‍ തുടര്‍ന്ന് സത്യ പ്രതിജ്ഞ ചെയ്തു. അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, കൊല്ലം എം.എല്‍.എ ബിന്ദു കൃഷ്ണ, കായംകുളം എം.എല്‍.എ എം.ലിജു എന്നിവര്‍ തുടര്‍ന്ന് സ്ഥാനമേറ്റു. വേങ്ങര എം.എല്‍.എ കെ.എം. ഷാജി, ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍, കളമശ്ശേരിയില്‍ നിന്ന് സഭയിലെത്തിയ വി.ഇ അബ്ദുല്‍ ഗഫൂര്‍, കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്, കോങ്ങാട് നിന്നുള്ള നിയമസഭാംഗം കെ.എ തുളസി, കൊടുങ്ങല്ലൂര്‍ എം.എല്‍.എ ഒ.ജെ. ജനീഷ് എന്നിവരും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍ എന്നിവര്‍ ദൃഢപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ ദൈവ നാമത്തില്‍ അധികാരമേറ്റു.

Content Highlight: Kerala New Governemnt: VD Satheesan Ministry Sworn in