രജിസ്ട്രാറുടെ വാഹനം തടയണം; സെക്യൂരിറ്റി ജീവനക്കാര്‍ക്ക് വി. സിയുടെ നിര്‍ദേശം
Kerala
രജിസ്ട്രാറുടെ വാഹനം തടയണം; സെക്യൂരിറ്റി ജീവനക്കാര്‍ക്ക് വി. സിയുടെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th July 2025, 7:31 pm

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജസ്ട്രാര്‍ കെ.എസ് അനില്‍കുമാറിന്റെ ഔദ്യോഗിക വാഹനം തടയാന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം. വാഹനം തടഞ്ഞ് അത് സര്‍വകലാശാലയുടെ ഗാരേജില്‍ സൂക്ഷിക്കാന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനോടും സെക്യൂരിറ്റി ജീവനക്കാരോടും വി.സി നിര്‍ദേശം നല്‍കിയതായി ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു.

വാഹനത്തിന്റെ താക്കോല്‍ രജിസ്ട്രാറുടെ ഡ്രൈവറില്‍ നിന്ന് വാങ്ങി മിനി കാപ്പന് കൈമാറാനും വി.സി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാര്‍ പ്രതികരിച്ചു.

ഇന്ന് പോലും താന്‍ വീട്ടില്‍ പോയത് ഔദ്യോഗിക വാഹനത്തില്‍ ആണെന്നും ഈ വിഷയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെട്ടിട്ടും നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞതായി ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു.

നാളെ രാവിലേയും രജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ എത്തുമെന്നാണ് സൂചന. മുമ്പും രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാന്‍ വി.സിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു.

രജിസ്ട്രാര്‍-വി.സി തര്‍ക്കം മുറുകുന്നതിനിടെ സര്‍വകലാശാലയില്‍ രണ്ടായിരത്തിലധികം ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാര്‍ ഒപ്പിട്ട ഫയലുകള്‍ വി.സി. മോഹനന്‍ കുന്നുമ്മല്‍ തിരിച്ചയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ വി.സി തന്നെ രജിസ്ട്രാറായി നിയമിച്ച മിനി കാപ്പന്‍ ഒപ്പിട്ട ഫയല്‍ അദ്ദേഹം സ്വീകരിക്കുന്നുമുണ്ട്. കെ.എസ്. അനില്‍ കുമാര്‍ ഒപ്പുവെക്കുന്ന ഫയലുകള്‍ മാറ്റി വെക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് വി.സിയുടെ നിര്‍ദേശമുണ്ട്. എന്നാല്‍ ഫയലുകള്‍ നീങ്ങുന്നില്ലെന്ന ആരോപണം വി.സി മോഹനന്‍ കുന്നുമ്മല്‍ നിഷേധിച്ചു.

അതേസമയം കഴിഞ്ഞ ദിവസം രജിസ്ട്രാര്‍ കെ.എസ് അനില്‍ കുമാറിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കി. രജിസ്ട്രാറുടെ നിയമനം നടന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനാല്‍ മോഹനന്‍ കുന്നുമ്മലിനെ ഉടന്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സേവ് യൂണിവേഴ്സിറ്റി ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രജിസ്ട്രാര്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് സര്‍വകലാശാല പ്രതികരിച്ചു. കെ.എസ്. അനില്‍ കുമാറിന്റെ നിയമനം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അല്ലെന്നും സെലക്ഷന്‍ കമ്മിറ്റിയുടെ നേരിട്ടുള്ള നിയമനമാണെന്നുമാണ് സര്‍വകലാശാലയുടെ പ്രതികരണം.

Content Highlight: Kerala University Vice Chancellor instructs security staff to stop registrar’s vehicle