തിരുവനന്തപുരം: കേരള സര്‍വകലാശാല ജോയിന്റ് രജിസ്ട്രാര്‍ പി. ഹരികുമാറിന് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ച് എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചതിലാണ് വി.സിയുടെ നടപടി.
15 ദിവസത്തിനുള്ളില്‍ നോട്ടീസിന് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. മറുപടി നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. ഇ-മെയില്‍ മുഖേനയാണ് വൈസ് ചാന്‍സലര്‍ ജോയിന്റ് രാജിട്രാര്‍ക്ക് നോട്ടീസ് നല്‍കിയത്.
യോഗം പിരിച്ചുവിട്ടിട്ടും താത്കാലിക വി.സി സിസ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹരികുമാര്‍ തുടര്‍ന്നതിലും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയതിലും വി.സി വിശദീകരണം തേടിയിട്ടുണ്ട്.
ഇന്നലെ (വെള്ളി) ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദുവുമായി മോഹനന്‍ കുന്നുമ്മല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാണ് മന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വൈസ് ചാന്‍സലര്‍ രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ നടപടിയില്‍ ഉള്‍പ്പെടെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശമനുസരിച്ചാണ് കെ.എസ്. അനില്‍കുമാറിനെ വി.സി സസ്പെന്‍ഡ് ചെയ്തത്. കാവികൊടിയേന്തിയ സ്ത്രീയുടെ ചിത്രം സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് നിലപാടെടുത്തതിന് പിന്നാലെ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെന്ന് ഉത്തരവിറക്കിയതിനെ തുടര്‍ന്ന് ഹരികുമാറിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
മുന്‍കൂട്ടി അറിയിക്കാതെ രണ്ടാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചെന്നും വി.സിയുടെ അനുമതിയില്ലാതെ സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന് ചുമതല കൈമാറിയതിനാലുമാണ് പി. ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തതെന്ന് ഡോ. സിസ തോമസ് പറഞ്ഞിരുന്നു. പ്ലാനിങ് ഡയറക്ടറായിട്ടുള്ള ഡോ. മിനി കാപ്പന് ജോയിന്റ് സെക്രട്ടറിയുടെ ചുമതലയും നല്‍കിയിരുന്നു.
അതേസമയം രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് സിസ തോമസ് ഇറങ്ങിപോയതോടെയാണ് സര്‍വകലാശാല വീണ്ടും വിവാദത്തിലാകുന്നത്. യോഗത്തില്‍ ഉണ്ടായിരുന്ന മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തതോടെ വിവാദം കനക്കുകയും ചെയ്തു.
Content Highlight: VC’s notice to Kerala University’s J. Registrar