കേരള യൂണിവേഴ്‌സിറ്റി ജോയിന്റ് രജിസ്ട്രാര്‍ക്കും വി.സിയുടെ സസ്‌പെന്‍ഷന്‍; സിൻഡിക്കേറ്റ് യോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി ഗവർണർ
Kerala
കേരള യൂണിവേഴ്‌സിറ്റി ജോയിന്റ് രജിസ്ട്രാര്‍ക്കും വി.സിയുടെ സസ്‌പെന്‍ഷന്‍; സിൻഡിക്കേറ്റ് യോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി ഗവർണർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th July 2025, 11:47 am

തിരുവനന്തപുരം: വൈസ് ചാൻസലർ യോഗം പിരിച്ചുവിട്ടതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നെന്ന് ആരോപിച്ച് കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർക്കെതിരെ നടപടി. ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനെ താത്കാലിക വി.സി സിസ തോമസ് സസ്‌പെൻഡ് ചെയ്തു.

തന്നെ മുൻകൂട്ടി അറിയിക്കാതെ രണ്ടാഴ്ചത്തെ അവധിയിൽ പ്രവേശിച്ചെന്നും വി.സിയുടെ അനുമതിയില്ലാതെ സസ്പെൻഷനിലുള്ള രജിസ്ട്രാർ കെ. എസ്. അനില്‍കുമാറിന് ചുമതല കൈമാറിയതിനാലും കൂടിയാണ് പി. ഹരികുമാറിന്റെ സസ്പെൻഷനെന്ന്  ഡോ. സിസ തോമസ് പറഞ്ഞു. പ്ലാനിങ് ഡയറക്ടറായിട്ടുള്ള ഡോ. മിനി കാപ്പനാണ് നിലവിൽ രജിസ്ട്രാറുടെ ചുമതലകൾ നൽകിയിട്ടുള്ളത്.

അതേസമയം കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിലെ സംഭവവികാസങ്ങൾക്ക് പിന്നാലെ ഗവർണർ രാജേന്ദ്ര ആർലേക്കർ അടിയന്തര റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ദേഹം വി.സിക്ക് നിർദേശം നൽകി.

സിൻഡിക്കേറ്റ് രജിസ്ട്രാറുടെ സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെ ഇന്നലെ വൈകുന്നേരം നാലരയോടെ സര്‍വകലാശാലയിലെത്തി രജിസ്ട്രാർ കെ. എസ്. അനില്‍കുമാർ ചുമതല ഏറ്റെടുത്തിരുന്നു. സിൻഡിക്കേറ്റ് ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നുള്ള തുടർപ്രവർത്തങ്ങളാണ് നടക്കുന്നതെന്ന് സർവകലാശാലയിലെത്തിയ രജിസ്ട്രാർ കെ. എസ്. അനില്‍കുമാർ പറഞ്ഞു. നാടിന്റെ സ്വത്താണ് സർവകലാശാലയെന്നും എല്ലാം ശാന്തമായി പോകണമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

അതേസമയം കേരള സർവകലാശാലയിലെ പ്രശനങ്ങൾക്ക് ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചു. സർവകലാശാലകളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള തീരുമാനം കേന്ദ്രത്തിന്റേതാണെന്നും സർവകലാശാലയിൽ പ്രതിഷേധമുണ്ടെന്ന് അറിഞ്ഞിട്ടും ഗവർണർ വകവെച്ചില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നാടകീയമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായത്. രജിസ്ട്രാർ കെ. എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ നിന്ന് താത്കാലിക വി. സി. സിസ തോമസ് ഇറങ്ങിപ്പോകുകയായിരുന്നു.

തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെ. എസ്. അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിച്ചു. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്.

 

Content Highlight: Kerala University Joint Registrar and VC suspended; Governor seeks report on syndicate meeting