തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെതിരായ സസ്പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് താത്കാലിക വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും സിസ തോമസ് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.സി.
ഇന്ന് (ഞായര്‍) യൂണിവേഴ്‌സിറ്റിയില്‍ നടന്നത് സ്‌പെഷ്യല്‍ സിന്‍ഡിക്കേറ്റ് യോഗമാണെന്നും 16 അംഗങ്ങളുടെ ആവശ്യപ്രകാരമാണ് യോഗം കൂടിയതെന്നും സിസ തോമസ് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം സംബന്ധിച്ച ചര്‍ച്ചയായിരുന്നു യോഗത്തിന്റെ അജണ്ട.
എന്നാല്‍ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയതോടെ സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ അജണ്ട മാറ്റുകയായിരുന്നുവെന്നും സിസ തോമസ് പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് സാധുതയില്ലെന്നും അവര്‍ പ്രതികരിച്ചു.
സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ യോഗം പിരിച്ചുവിട്ട് താന്‍ പുറത്തിറങ്ങുകയായിരുന്നുവെന്നും വി.സി പറഞ്ഞു. അതുകൊണ്ട് തന്നെ അധ്യക്ഷനില്ലാതെ സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കപ്പെടില്ലെന്നും സിസ തോമസ് കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ യോഗത്തിന്റെ അജണ്ട പൂര്‍ത്തീകരിച്ചില്ലെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ റദ്ദാക്കല്‍ തീരുമാനം ഒരു വൈലേഷനാണെന്നും വി.സി പറഞ്ഞു.
കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ ഉത്തരവാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ റദ്ദാക്കിയത്.
വിഷയം അന്വേഷിക്കാനായി മൂന്ന് അംഗ സമിതിയെയും സിന്‍ഡിക്കേറ്റ് നിയമിച്ചിരുന്നു. ഡോ. ഷിജു ഖാന്‍, അഡ്വ. ജെ. മുരളീധരന്‍, ഡോ. നസീബ് എന്നിവരാണ് മൂന്ന് അംഗ സമിതിയിലുള്ളത്. ഇവര്‍ മൂന്നുപേരും ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്.
അതേസമയം യോഗത്തില്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നത് അജണ്ടയിലില്ലായിരുന്ന രജിസ്ട്രാര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നതായിരുന്നു. എന്നാല്‍ വി.സി അത് ചര്‍ച്ച ചെയ്യാന്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഇടതുപക്ഷ അംഗങ്ങള്‍ തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയും ഇത് തര്‍ക്കത്തിലേക്ക് പോകുകയുമായിരുന്നു.
ഇതിനിടയില്‍ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് രജിസ്ട്രാര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വി.സി പറയുന്നത്.
Content Highlight: Kerala univeristy Registrar’s suspension has not been revoked: Sisa Thomas