കേരള ടൂറിസത്തിന് അംഗീകാരമായി ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍ പുരസ്‌കാരം
Kerala
കേരള ടൂറിസത്തിന് അംഗീകാരമായി ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍ പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th December 2025, 9:12 pm

തിരുവനന്തപുരം: സംസ്ഥാനത്തിന് വീണ്ടും അംഗീകാരമായി ടൂറിസം പുരസ്‌കാരം. ട്രാവല്‍ പ്ലസ് ലെയ്ഷറിന്റെ ‘ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍’ പുരസ്‌കാരമാണ് സംസ്ഥാനത്തെ തേടിയെത്തിയിരിക്കുന്നത്.

ട്രാവല്‍ പ്ലസ് ലെയ്ഷര്‍ 2025ലെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനെ കണ്ടെത്താനായി നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് കേരളത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.

പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കിട്ട് ടൂറിസം വകുപ്പ് മന്ത്രി പി.എ.
മുഹമ്മദ് റിയാസ് രംഗത്തെത്തി.

വെല്‍നസ് ടൂറിസത്തിന്റെ സാധ്യതയെ ഫലപ്രദമായി ഇനിയുമേറെ വികസിപ്പിക്കാന്‍ പൊതുജനങ്ങളുടെ പിന്തുണ തേടിക്കൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടു.

ദല്‍ഹിയില്‍ വെച്ചുനടന്ന ചടങ്ങില്‍ ട്രാവല്‍, ലെയ്ഷര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അക്ഷിത എം. ഭഞ്ജ് ദിയോയില്‍ നിന്ന് കേരള സര്‍ക്കാര്‍ അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് അവാര്‍ഡ് ഏറ്റുവാങ്ങി.

കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ് 2026 ഫെബ്രുവരിയില്‍ കോഴിക്കോട് സംഘടിപ്പിക്കും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക.

ആയുര്‍വേദത്തിലും വെല്‍നസ് ടൂറിസത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിന് ഇന്ത്യയിലും വിദേശത്തുമുള്ളവരെ ഒരുമിച്ച് കൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

Content Highlight: Kerala Tourism receives Best Wellness Destination award