ഷാന്‍ വധക്കേസ് പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേരളം
Kerala News
ഷാന്‍ വധക്കേസ് പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th May 2025, 1:04 pm

ന്യൂദല്‍ഹി: ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് കേരളം. ആര്‍.എസ്.എസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമ്പോള്‍ ഷാന്‍ വധക്കേസിലെ പ്രതികള്‍ ജാമ്യം ലഭിക്കുന്നത് സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ ഷാന്‍ വധക്കേസിലെ പ്രതികളില്‍ നേരിട്ട് പങ്കുള്ള നാല് പേര്‍ക്കൊഴികെ ഒമ്പത് പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. നാല് പേരുടെ ജാമ്യം റദ്ദാക്കിയതിന് എതിരെ മൂന്ന് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഷാന്‍ വധകേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതിയെ അറിയിച്ചത്.

ഷാന്‍ വധകേസില്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചവര്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികളാണെന്നും സാമൂഹികവും രാഷ്ട്രീയപരവുമായ സ്വാധീനമുള്ളവരാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഇവര്‍ ജാമ്യത്തിലിറങ്ങിയാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2021 ഡിസംബര്‍ 18നാണ് ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് ആര്‍.എസ്.എസ് നേതാവ് രണ്‍ജീത് ശ്രീനിവാസനും കൊല്ലപ്പെടുകയായിരുന്നു.

Content Highlight: Kerala tells Supreme Court not to grant bail to RSS activists accused in Shan murder case