കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍
Kerala
കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th July 2025, 8:41 pm

ന്യൂദല്‍ഹി: കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ്. പുതുക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹരജി ഫയല്‍ ചെയ്തു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹരജിക്കാര്‍ക്കായി ഹാജരാകുക. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സിംഗിള്‍ ബെഞ്ചിന്റെ നടപടി മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ഹരജിക്കാരുടെ വാദം. എല്ലാവര്‍ക്കും നീതി ലഭ്യമാകും വിധത്തിലുള്ള ഒരു മാര്‍ക്ക് ഏകീകരണ പ്രക്രിയ കൊണ്ടുവരണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.

നേരത്തെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെയെങ്കിലും കീം പ്രവേശന പ്രക്രിയ നിര്‍ത്തിവെക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

മന്ത്രിമാരെയും എം.എല്‍.എമാരെയും മറ്റു നേതാക്കളെയും വിദ്യാര്‍ത്ഥികള്‍ സമീപിച്ചിരുന്നു. നിലവില്‍ സുപ്രീം കോടതിയിലെ ഹരജി കോളേജ് പ്രവേശന നടപടികളെ സങ്കീര്‍ണമാക്കില്ല എന്നാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു പറയുന്നത്.

അതേസമയം പുനക്രമീകരിച്ച് പുറത്തിറക്കിയ പുതിയ റാങ്ക് പട്ടികയില്‍ 2025ല്‍ പ്ലസ് ടു എഴുതിയ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സ്‌കോര്‍ നഷ്ടപ്പെടുകയും സി.ബി.എസ്.ഇക്കാര്‍ക്ക് 20 സ്‌കോര്‍ കൂടുകയുമാണ് ചെയ്തത്.

2024ല്‍ പരീക്ഷ എഴുതിയ കേരള സിലബസ് വിദ്യാര്‍ത്ഥിക്ക് നഷ്ടം 27 സ്‌കോറാണ്. സി.ബി.എസ്.ഇക്കാര്‍ക്ക് കൂടിയത് എട്ടും. 2025ൽ പരീക്ഷ എഴുതിയവർക്ക് 21 മാര്‍ക്കിന്റെ വിവേചനം നേരിടേണ്ടി വരുമ്പോള്‍ മുന്‍വര്‍ഷം പ്ലസ്ടു കഴിയുകയും കീം റിപ്പീറ്റ് ചെയ്യുകയും ചെയ്തവര്‍ക്ക് 35 സ്‌കോറിന്റെ വിവേചനമാണ് നേരിടേണ്ടി വന്നത്.

റാങ്ക് പട്ടികയില്‍ ആദ്യത്തെ 3000ത്തിലെങ്കിലും വന്നാലേ സംസ്ഥാനത്തെ മെച്ചപ്പെട്ട കോളേജില്‍ പ്രവേശനം നേടാനാകൂ. പ്രധാന ബ്രാഞ്ചുകളിലാണെങ്കില്‍ ഇതും മതിയാകില്ല.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കെ.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ആദ്യത്തെ പത്തില്‍ രണ്ട് ഗവ. കോളേജുകളും മൂന്ന് എയ്ഡഡ് കോളേജുകളുമാണുള്ളത്. 35,000 മുതല്‍ 1,50,000 രൂപ വരെയാണ് സ്വാശ്രയ കോളേജിലെ ഫീസ്.

പ്രവേശന പരീക്ഷയുടെ സ്‌കോറിനൊപ്പം പ്ലസ് ടു പരീക്ഷയുടെ സ്‌കോര്‍ പരിഗണിക്കുമ്പോള്‍ 21 മുതല്‍ 35 വരെ സ്‌കോറുകളുടെ കുറവ് കാരണം പ്രധാന കോളേജുകളിൽ പ്രവേശനം ലഭിക്കാതെ വരും.

Content Highlight: Kerala Syllabus students move Supreme Court against High Court verdict cancelling KEAM results