കേരളത്തെ മൊത്തം കരിവാരിത്തേക്കാനും മറ്റ് സംസ്ഥാനങ്ങളുടെ മുന്നില്‍ അപമാനിക്കാനും വേണ്ടി പടച്ചുവിട്ട പ്രൊപ്പഗണ്ട ചിത്രമാണ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്. കാമാഖ്യാ നാരായണ്‍ സിങ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായതു മുതല്‍ മലയാളികള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേരള സ്റ്റോറി 2ന്റെ റിലീസിന് സ്‌റ്റേ നല്‍കിയെങ്കിലും അര്‍ധരാത്രി ഡിവിഷന്‍ ബെഞ്ച് കൂടി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കി. എന്നാല്‍ പ്രൊപ്പഗണ്ട സിനിമകളെ പ്രേക്ഷകര്‍ പുറംകാലുകൊണ്ട് ചവിട്ടിയെറിയുന്നു എന്നതിന്റെ സൂചനയാണ് കേരള സ്റ്റോറി 2ന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ സൂചിപ്പിക്കുന്നത്.
റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ബജറ്റിന്റെ പകുതി പോലും നേടാനാകാതെ ബുദ്ധിമുട്ടുകയാണ് കേരള സ്‌റ്റോറി 2. 35 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ വെറും 12 കോടി മാത്രമാണ് വേള്‍ഡ്‌വൈഡായി നേടിയതെന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീക്കെന്‍ഡില്‍ പോലും ആരും തിരിഞ്ഞുനോക്കാത്ത ചിത്രത്തിന് വരുംദിവസങ്ങളില്‍ കളക്ഷന്‍ കുറയുമെന്നും ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ദല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലെല്ലാം 200ലധികം ഷോ ചാര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ബുക്കിങ്ങെല്ലാം ശോകമാണ്. ഞായറാഴ്ചയില്‍ പോലും ചിത്രത്തിന് ആളെക്കൂട്ടാനായിരുന്നില്ല. ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം വാഷൗട്ടായേക്കുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. കേരളത്തില്‍ പലയിടത്തും മൂന്നാം ദിനം തന്നെ കേരള സ്റ്റോറി 2 വാഷൗട്ടായിരുന്നു. ആദ്യദിനം 3500, രണ്ടാം ദിനം 25000 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍.
കേരള സ്‌റ്റോറിയുടെ ആദ്യ ഭാഗത്തിന് കേന്ദ്ര സര്‍ക്കാരും, യു.പി, മഹാരാഷ്ട്ര സര്‍ക്കാരുകളും ടാക്‌സ് ഇളവ് നല്‍കിയിരുന്നു. ഇതിലൂടെ ചിത്രത്തിന് ഗംഭീര കളക്ഷനായിരുന്നു ലഭിച്ചത്. 300 കോടി നേടിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ രണ്ടാം ഭാഗം ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ കളം വിടുന്ന അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്.
വിദ്വേഷം പടര്‍ത്തുന്ന ഇത്തരം സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡിനെതിരെയും പലരും രംഗത്തെത്തിയിരുന്നു. ജന നായകന്‍ എന്ന വിജയ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ റിലീസ് തടയുകയും കേരള സ്റ്റോറിക്ക് U/A സര്‍ട്ടിഫിക്കറ്റ് നല്‍കിയതും സെന്‍സര്‍ ബോര്‍ഡിന്റെ ഇരട്ടത്താപ്പാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.