തിരുവനന്തപുരം: ബോഡി ഷെയിമിങ്ങും ഓണ്‍ലൈന്‍ വഴിയുള്ള റാഗിങ്ങും കുറ്റകരമാക്കാനുള്ള നിയമം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബില്ലിന്റെ കരട് രൂപം തയ്യാറായി. ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളും ഈ നിയമത്തിന് കീഴില്‍ ഉള്‍പ്പെടും. വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതും റാഗിങ് കുറ്റമായി കാണക്കാക്കും.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിനായി 1998ല്‍ നിലവില്‍ വന്ന കേരള റാഗിങ് നിരോധന നിയമമാണ് നിലവിലുള്ളത്. ഈ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ റാഗിങ്, ബോഡി ഷെയ്മിങ്, വിദ്യാര്‍ഥികളെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാര്യങ്ങളും കൂടി റാഗിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരും.
ഒരാളുടെ ശരീരത്തെ കുറിച്ച് മോശമായി പരാമര്‍ശിച്ച് ആ വ്യക്തിയെ അപമാനിക്കുന്നത് ഇനി മുതല്‍ നിയമപ്രകാരം കുറ്റകൃത്യമാകും. റാഗിങ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റാഗിങ് നിരോധന നിയമത്തില്‍ ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ഡീം യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.
ഗ്രൗണ്ടുകള്‍, വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, സഞ്ചരിക്കുന്ന വഴികള്‍ എന്നിവയിലെല്ലാം ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അവയെല്ലാം റാഗിങ് നിയമത്തിന്റെ പരിധിയില്‍ വരുത്തി കര്‍ശന നടപടിയെടുക്കുന്നതായിരിക്കും പുതുക്കിയ നിയമം.