എൻ.സി.ഇ.ആർ.ടിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിലുള്ള കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചു: വി. ശിവൻകുട്ടി
Kerala News
എൻ.സി.ഇ.ആർ.ടിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിലുള്ള കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചു: വി. ശിവൻകുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd May 2025, 8:07 pm

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിലുള്ള കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിച്ചതായി കേരള വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ പ്രശ്നങ്ങൾ ചർച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിൽ മാത്രം കേന്ദ്രം 1500 കോടി രൂപയുടെ വിഹിതം നല്കാനുണ്ടെന്നും പൊതുവിദ്യാഭ്യാസ നയം നടപ്പിലാക്കിയാൽ മാത്രമേ പണം അനുവദിക്കുകയുള്ളു എന്ന കേന്ദ്രനയത്തിലുള്ള എതിർപ്പും കൂടിക്കാഴ്ചയിൽ പ്രകടിപ്പിച്ചതായി മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. സൗഹാർദ്ദപരമായ കൂടിക്കാഴ്ചയായിരുന്നെന്നും എന്നാൽ കാര്യങ്ങൾ ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘7000 അധ്യാപകർക്ക് ശമ്പളം കൊടുക്കാനുണ്ട്. സൗജന്യ യൂണിഫോം, പാഠപുസ്തകം എന്നിവ നൽകാൻ പണം തികയുന്നില്ല. പി.എം ശ്രീയിൽ ഒപ്പിടാത്തതിനാലാണ് കേരളത്തിനുള്ള വിഹിതം കേന്ദ്രം തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണ്,’ വി. ശിവൻകുട്ടി പറഞ്ഞു.

ഉച്ച ഭക്ഷണ ജീവനക്കാർക്കുള്ള ഓണറേറിയം 5000 രൂപയായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും ഹിന്ദി അടിച്ചേൽപ്പിക്കാൻ ഉള്ള കേന്ദ്ര ശ്രമത്തിനെതിരെയുള്ള കേരളത്തിന്റെ എതിർപ്പ് പ്രകടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്രിഭാഷ നയത്തിലൂടെ വിദ്യാഭ്യാസ ഫെഡറൽ തത്വത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നും പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ത്രിഭാഷ നയത്തിലൂടെ വിദ്യാഭ്യാസ ഫെഡറൽ തത്വത്തെ കേന്ദ്രം അവഗണിക്കുന്നു. പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നു. ചരിത്രത്തിൽ രാഷ്ട്രീയ നയം കൊണ്ട്‌ വരുന്നു. ഇത്തരത്തിലുള്ള കാവി വൽക്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എൻ.സി.ഇ.ആർ.ടി യിലെ മാറ്റം. പാഠപുസ്തകങ്ങളിൽ കാവിക്കൊടികൾ നിറച്ചിരിക്കുകയാണ്. ഒരു അദ്ധ്യായം ഹിന്ദു പുരാണങ്ങൾക്ക് വേണ്ടി മാത്രമാണ് ഉപയോ​​ഗിച്ചിരിക്കുന്നത്,’ അദ്ദേഹം വിമർശിച്ചു.

പാഠപുസ്തകങ്ങളിൽ പോലും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം കേന്ദ്രം ഇടപെടൽ നടത്തുമ്പോൾ കേരളത്തിന്റെ നേട്ടം ചൂണ്ടിക്കാട്ടുകയും ചെയ്തു മന്ത്രി. പാഠപുസ്തക വിതരണത്തിൽ സംസ്ഥാനം ചരിത്രം കുറിച്ചുവെന്നും. മൂന്ന് കോടി പാഠപുസ്തകങ്ങൾ അച്ചടിച്ചുവെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ നാടകത്തെയും മന്ത്രി വിമർശിച്ചു. എന്ത് ഔചിത്യമാണ് രാജീവ് ചന്ദ്രശേഖറിനുള്ളത്. ധാർഷ്ഠ്യമാണ് കാണിച്ചതെന്നും ദൽഹിയിൽ നിന്നുള്ള ലിസ്റ്റിലാണ് ചന്ദ്രശേഖർ ഉൾപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. സംഘാടക സമിതിയുടെ ചെയർമാൻ എന്ന നിലയിൽ ഔദ്യോഗികമായി രാജീവ് ചന്ദ്രശേഖരനെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹത്തെ ക്ഷണിക്കേണ്ടതിന്റെ കാര്യവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

 

 

Content Highlight: Kerala’s opposition to NCERT’s anti-democratic actions conveyed to the Centre: V. Sivankutty