ഈയിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ വിവാദത്തിൽ സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നവർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) സമാനസ്വഭാവമുള്ള ഒരു സംഭവം അടുത്തകാലത്ത് നടന്നത് എന്തുകൊണ്ട് വിസ്മരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല | ഡോ. ബി. ഇക്‌ബാൽ എഴുതുന്നു
ആരോഗ്യമാനദണ്ഡങ്ങളിൽ ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുന്ന മികച്ച നേട്ടങ്ങൾ കൈവരിച്ചതിൽ കേരളത്തിന് അഭിമാനിക്കാം. സാർവദേശീയ തലത്തിൽ പോലും ശ്രദ്ധേയമായ പുരോഗതിയാണ് കേരളം ഈ രംഗത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.
വികസിത രാജ്യങ്ങളിലെ പൊതുജനാരോഗ്യ സൂചികകൾക്ക് സമാനമായ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തിന് സാധിച്ചിരിക്കുന്നു എന്നത് നിസ്സാരമല്ല. ഈ നേട്ടങ്ങളിൽ ആഹ്ലാദിക്കുമ്പോഴും, കേരളത്തിൻ്റെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെ കണക്കിലെടുക്കേണ്ടതുണ്ട്.
വർധിച്ചുവരുന്ന പകർച്ച-പകർച്ചേതര, മാനസിക രോഗങ്ങൾ, വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ നേരിടുന്ന സവിശേഷ ആരോഗ്യപ്രതിസന്ധികൾ എന്നിവയെല്ലാം ഇന്ന് വലിയ വെല്ലുവിളികളാണ്. പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും, ജനങ്ങൾ നേരിട്ട് മുടക്കുന്ന സ്വകാര്യ ആരോഗ്യചെലവിലുണ്ടായ (Out of Pocket Health Expenditure) വർധനവ് ഒരു പ്രധാന പ്രതിസന്ധിയായി തുടരുന്നു.
കേരളം കൈവരിച്ച നേട്ടങ്ങളെ ഒട്ടും കുറച്ചുകാണാതെ തന്നെ, ഈ പ്രതിസന്ധികളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ഭാവിയിലേക്കുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്
കേരളം കൈവരിച്ച നേട്ടങ്ങളെ ഒട്ടും കുറച്ചുകാണാതെ തന്നെ, ഈ പ്രതിസന്ധികളെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ഭാവിയിലേക്കുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്താൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്.
ഈയിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ വിവാദം ഇതിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഒരു ശസ്ത്രക്രിയാ വിഭാഗത്തിൽ, ആവശ്യമായ ഉപകരണങ്ങൾ സമയത്തിന് ലഭിക്കാത്തതുകൊണ്ട് അടിയന്തിര ശസ്ത്രക്രിയകൾ വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം.
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
എന്നാൽ, സംസ്ഥാന സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നവർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ തന്നെ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ (SCTIMST) സമാനസ്വഭാവമുള്ള ഒരു സംഭവം അടുത്തകാലത്ത് നടന്നത് എന്തുകൊണ്ട് വിസ്മരിക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
ജൂൺ മാസം ആദ്യം, ഉപകരണങ്ങളുടെ ക്ഷാമം കാരണം നിരവധി ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെ, ഒട്ടനവധി വകുപ്പ് മേധാവികൾ ഡയറക്ടർക്ക് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയതോടെയാണ് ശ്രീ ചിത്രയിലെ പ്രതിസന്ധി പുറത്തുവന്നത്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടക്കുന്ന ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗത്തെ ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമായി ബാധിച്ചു. പത്തോളം ശസ്ത്രക്രിയകളാണ് രണ്ട് ദിവസത്തിനിടെ മുടങ്ങിയത്. പുറം കരാറുകൾ നൽകിയാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഇത് പുതുക്കിയിട്ടില്ലായിരുന്നു. ശ്രീ ചിത്രയിലെ പർച്ചേസ് വിഭാഗത്തിനായിരുന്നു ഇതിൻ്റെ ചുമതല. പിന്നീട് വിവിധ സംഘടനകൾ സമരത്തിനിറങ്ങുകയും രാഷ്ട്രീയ നേതാക്കൾ ഇടപെടുകയും ചെയ്തതോടെയാണ് പ്രശ്നം ഒരുവിധം പരിഹരിച്ച് ശസ്ത്രക്രിയകൾ പുനരാരംഭിച്ചത്.
വീണ ജോർജ് – ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി
മറ്റ് ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കാര്യത്തിലെന്ന പോലെ, ആരോഗ്യമേഖലയും കഴിഞ്ഞ ഏതാനും വർഷക്കാലമായി വലിയ കുതിച്ചുചാട്ടത്തിന് വിധേയമായിരിക്കുകയാണ്. രോഗനിർണ്ണയ ഉപാധികളും ശസ്ത്രക്രിയാ ഉപകരണങ്ങളും വമ്പിച്ച നവീകരണത്തിൻ്റെ പാതയിലാണ്.
സ്വകാര്യമേഖലയിലുള്ളതുപോലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകൾ നമ്മുടെ സർക്കാർ ആശുപത്രികളിൽ പലതിലും ഇപ്പോൾ ലഭ്യമാണ്. നമ്മുടെ മൂന്ന് മെഡിക്കൽ കോളേജുകളും (തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം), എറണാകുളം, പാലക്കാട് പോലുള്ള ജില്ലാ ആശുപത്രികളും ഏതൊരു സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളോടും കിടപിടിക്കാവുന്ന അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
സർക്കാർ മെഡിക്കൽ കോളേജുകളിലെയും മറ്റും ചികിത്സാസൗകര്യങ്ങൾ വിപുലീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തതിനനുസരിച്ച് ഇവ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാനാവശ്യമായ ഭരണനടപടിക്രമങ്ങൾ ആധുനികവൽക്കരിച്ച് മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന വെല്ലുവിളി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിലും നടന്ന സംഭവങ്ങൾ ആശുപത്രി ഭരണക്രമത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തേണ്ടതിൻ്റെ അടിയന്തിരാവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.
ആശുപത്രി ഭരണത്തിൽ വരുത്തേണ്ട അടിയന്തിര പരിഷ്കാരങ്ങൾ
• ആശുപത്രി ഉപകരണങ്ങളും മരുന്നുകളും, പ്രത്യേകിച്ചും അത്യാവശ്യ സാഹചര്യങ്ങളിൽ വാങ്ങുന്നതിനുള്ള നിലവിലുള്ള നിബന്ധനകൾ (Purchase Rules) കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്.
• സ്ഥാപന മേധാവികൾക്കുള്ള (മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ) സാമ്പത്തികാധികാരം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
• ആശുപത്രികളിലെ സേവന മേഖലകളെല്ലാം ആധുനികവൽക്കരിച്ച് പൊതുജന സൗഹൃദമാക്കുന്നതിനുള്ള സവിശേഷ ഭരണപരിഷ്കാരങ്ങൾ (Hospital Administrative Reforms) നടപ്പിലാക്കാൻ വൈകരുത്.
• ആശുപത്രി ഭരണത്തിൽ മതിയായ പരിചയമില്ലാത്ത ഡോക്ടർമാരാണ് പലപ്പോഴും സൂപ്രണ്ടുമാരായും മറ്റും ആശുപത്രി ഭരണത്തിനായി നിയമിക്കപ്പെടുന്നത്. ഇന്ന് ആധുനിക ആശുപത്രികളിൽ മിക്കവയിലും, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ, പരിശീലനം ലഭിച്ച മാനേജ്മെൻ്റ് വിദഗ്ദ്ധരെയാണ് നിയമിക്കുന്നത്. കേരള ആരോഗ്യസർവകലാശാല ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ (Hospital Administration) ഡിഗ്രി-ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കാൻ ശ്രമിക്കേണ്ടതാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസിൽ തന്നെയുള്ള സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ ഇത്തരം കോഴ്സുകൾ ആരംഭിക്കാവുന്നതാണ്. താത്പര്യമുള്ള ഡോക്ടർമാർക്ക് ഈ കോഴ്സുകളിൽ പങ്കെടുക്കാനും, അതിലൂടെ പരിശീലനം ലഭിച്ചവരെ ആശുപത്രി ഭരണരംഗത്തുള്ള സൂപ്രണ്ട്, ആർ.എം.ഒ. തുടങ്ങിയ തസ്തികകളിൽ നിയമിക്കാനും സാധിക്കും.
• ചികിത്സാസൗകര്യങ്ങൾ വർധിച്ചതിനനുസരിച്ച് ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ലെന്നത് മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ആരോഗ്യമേഖലയുടെ പ്രത്യേകത പരിഗണിച്ച്, വിവിധ വിഭാഗത്തിൽപ്പെട്ട ആശുപത്രി ജീവനക്കാരുടെ എണ്ണം സാമ്പത്തിക പരിമിതിക്കുള്ളിൽ നിന്ന് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കുന്നതിന് സർക്കാർ മുൻഗണന നൽകേണ്ടതാണ്.
Content Highlight: Kerala’s health sector; Brilliant achievements and complex challenges
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ ന്യൂറോ സര്‍ജനായി ജോലി ചെയ്ത ലേഖകന്‍ ഒരു ജനകീയാരോഗ്യ പ്രവര്‍ത്തകനാണ്. കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറും സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായിരുന്നു.