കേരളം കൈവരിച്ച നേട്ടങ്ങള്‍ താരതമ്യം ചെയ്യുന്നത് വികസിത രാഷ്ട്രങ്ങളുമായി: കെ.എന്‍. ബാലഗോപാല്‍
Kerala
കേരളം കൈവരിച്ച നേട്ടങ്ങള്‍ താരതമ്യം ചെയ്യുന്നത് വികസിത രാഷ്ട്രങ്ങളുമായി: കെ.എന്‍. ബാലഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2025, 10:40 pm

തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എന്തുകൊണ്ട് വിജയിക്കണമെന്ന് അക്കമിട്ട് നിരത്തി വിശദീകരിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. തെരഞ്ഞെടുപ്പില്‍ ഏറെ അഭിമാനത്തോടെയാണ് ഇടതുപക്ഷം ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പത്താം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന ഇടതു സര്‍ക്കാര്‍ അസാധ്യകാര്യങ്ങള്‍ കേരളത്തില്‍ സാധ്യമാക്കി. സമാനതകളില്ലാത്ത വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളെ വരും കാലം ഏറെ ഗൗരവത്തോടെയും ആവേശത്തോടെയും വിലയിരുത്തുമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ശിശുമരണ, മാതൃ മരണ നിരക്കുകളില്‍ അമേരിക്കയെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കേരളത്തിന്റെത്. മാനവ വികസന രംഗങ്ങളില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ പലതും താരതമ്യം ചെയ്യപ്പെടുന്നത് വികസിത രാഷ്ട്രങ്ങളുമായാണ്. മാലിന്യനിര്‍മാര്‍ജനം, ജലസംരക്ഷണം, പ്രാദേശികാസൂത്രണം, ശിശു സംരക്ഷണം, ലിംഗതുല്യത, ക്രമസമാധാനം തുടങ്ങിയ മേഖലകളിലെല്ലാം കേരളം രാജ്യത്തിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യന്റെ അന്തസും അഭിമാനകരമായ ജീവിതവും ഉറപ്പു വരുത്തുന്ന നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നും സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം രാജ്യത്ത് ഒന്നാം സ്ഥാനത്തേക്കെത്തിയെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വിഴിഞ്ഞം തുറമുഖം, തെക്ക്-വടക്ക് ദേശീയപാത, സംസ്ഥാനത്തെ വിവിധ റോഡുകള്‍ തുടങ്ങി ഗതാഗത രംഗത്തുണ്ടാക്കിയ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.

എന്തുകൊണ്ട് ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കണം? എന്തുകൊണ്ട് ഇടതുസര്‍ക്കാരുകള്‍ വീണ്ടും തുടരണം? എന്നത് സംബന്ധിച്ച് വ്യക്തമായ നിലപാട് മലയാളിക്കുണ്ടെന്നും അതീ നാടിന്റെ അനുഭവപാഠങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്തുകൊണ്ട് ഇടതുപക്ഷം വിജയിക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഏറെ അഭിമാനത്തോടെയാണ് ജനങ്ങളുടെ മുന്നിലേക്കെത്തുന്നത്. പത്താം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന ഇടതു സര്‍ക്കാര്‍ അസാധ്യകാര്യങ്ങള്‍ കേരളത്തില്‍ സാധ്യമാക്കി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളെ വരുംകാലം ഏറെ ഗൗരവത്തോടെയും ആവേശത്തോടെയും വിലയിരുത്തുമെന്ന് തീര്‍ച്ചയാണ്.

കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ കഴിയുന്നതും മനുഷ്യന്റെ അന്തസും അഭിമാനകരമായ ജീവിതവും ഉറപ്പു വരുത്തുന്നതുമായ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. സമാനതകളില്ലാത്ത വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും നാട് അനുഭവിച്ചു.

ഭാവികേരളത്തിന്റെ വികസന ദിശ എന്തായിരിക്കണം എന്ന വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തതയുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖവും തെക്ക്-വടക്ക് ദേശീയപാത ഉള്‍പ്പെടെയുള്ള ഉന്നതനിലവാരത്തിലുള്ള ഗതാഗത സൗകര്യങ്ങളും വിജ്ഞാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം മുന്നോട്ടുവെയ്ക്കുന്ന വികസന സാധ്യതകളെ ഉപയോഗപ്പെടുത്തി, പുതിയ സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ക്ക് നാം രൂപംകൊടുത്തു.

സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം രാജ്യത്ത് ഒന്നാം സ്ഥാനത്തേക്കെത്തി. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അനുമതികളും സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ മികവുറ്റ സ്ഥാപനങ്ങള്‍ ആരംഭിച്ചു.

ഇത്രത്തോളം മികച്ച റോഡുകള്‍ സംസ്ഥാനത്തുണ്ടായ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. കേരളമാകമാനമുള്ള 90% പ്രധാന റോഡുകളും ഇന്ന് മികച്ച നിലവാരത്തില്‍ നിര്‍മ്മിക്കപ്പെട്ടവയും പരിപാലിക്കപ്പെടുന്നവയുമാണ്. സംസ്ഥാനത്തെ സ്‌കൂളുകളിലുണ്ടായ അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലുണ്ടായ വികസനമാകട്ടെ ആയിരക്കണക്കിന് കോടിയുടേതും. സംസ്ഥാനത്തുടനീളം താഴെത്തട്ടിലെ ആശുപത്രികളില്‍ പോലും ആധുനികമായ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമായിരിക്കുന്നു.

ഏതാണ്ട് എല്ലാ ജില്ലകളിലും കാത് ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ ലഭ്യമാക്കാനും വേഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു.

മാനവ വികസന രംഗങ്ങളില്‍ നാം കൈവരിച്ച നേട്ടങ്ങള്‍ പലതും താരതമ്യം ചെയ്യപ്പെടുന്നത് വികസിത രാഷ്ട്രങ്ങളുമായാണ്. കേരളത്തിന്റെ ശിശുമരണ/മാതൃമരണ നിരക്കുകള്‍, മറ്റു സാമൂഹിക വികസന സൂചികകള്‍ തുടങ്ങിയവ രാജ്യത്ത് ഒന്നാമതാണ്. നീതി ആയോഗ് പുറത്തിറക്കുന്ന സുസ്ഥിരവികസന ലക്ഷ്യസൂചികയിലും രാജ്യത്ത് ഒന്നാം സ്ഥാനത്ത് കേരളമാണ്.

 Kerala was denied Rs 2.5 lakh crore due to central stance: K.N. Balagopal

ശിശുമരണ/ മാതൃ മരണ നിരക്കുകളില്‍ അമേരിക്കയെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കേരളത്തിന്റേത്. മാലിന്യനിര്‍മാര്‍ജനം, ജലസംരക്ഷണം, പ്രാദേശികാസൂത്രണം, ശിശു സംരക്ഷണം, ലിംഗതുല്യത, ക്രമസമാധാനം തുടങ്ങിയ മേഖലകളിലെല്ലാം കേരളം രാജ്യത്തിനു മാതൃകയാണ്.

വിഴിഞ്ഞം തുറമുഖം, തെക്കുവടക്ക് ദേശീയപാത, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ, കൊച്ചി വാട്ടര്‍ മെട്രോ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഏഷ്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ സമ്പൂര്‍ണമായും ഇടതുസര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം യാഥാര്‍ത്ഥ്യമായവയാണ്.

ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടങ്ങളുടെയെല്ലാം കാരണം. കേരളത്തിലെ ഐ.ടി, ഐ.ടി അധിഷ്ഠിത വ്യവസായ രംഗത്ത് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ സംഭാവന ഏകമനസ്സാലെ നാട് അംഗീകരിക്കുന്നുണ്ട്.

ഒരുവശത്ത് വികസന പദ്ധതികള്‍ നിശ്ചയദാര്‍ഢ്യത്തോടെ യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ മറുവശത്ത് ക്ഷേമ പദ്ധതികള്‍ മുടക്കം കൂടാതെ പ്രതിജ്ഞാബദ്ധതയോടെ നാം മുന്നോട്ടു കൊണ്ടുപോകുന്നു. 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷനും 42 ലക്ഷം കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ സൗജന്യ ചികിത്സയും മുടക്കമില്ലാതെ നല്‍കുന്നു. സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും നാം വിമുക്തമാക്കിയിരിക്കുന്നു. കേരളത്തിലെ 10 ലക്ഷം രൂപവരെ വായ്പാകുടിശ്ശികയുള്ള ആളുകളുടെ ഏക കിടപ്പാടം സര്‍ക്കാര്‍ സംരക്ഷിച്ചുനല്‍കുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് സേവനാവകാശനിയമം നടപ്പിലാക്കുന്നു.

31.34 ലക്ഷം സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപവീതം പെന്‍ഷന്‍ ഏര്‍പ്പെടുത്തി എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി. കേരളത്തിലെ 18-നും 30-നുമിടയില്‍ പ്രായമുള്ള തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ക്ക് പ്രതിമാസം ആയിരം രൂപ സ്‌കോളര്‍ഷിപ്പ് രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ഏര്‍പ്പെടുത്തി. കേരളത്തിലെ എല്ലാ കുടുംബശ്രീ എ.ഡി.എസ് യൂണിറ്റുകള്‍ക്കും പ്രതിമാസ പ്രവര്‍ത്തന ഗ്രാന്റായി 1000 രൂപ നല്‍കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൂന്ന് ലക്ഷത്തിലധികം യുവജനങ്ങള്‍ക്കാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലൂടെ സര്‍ക്കാര്‍ ജോലി നല്‍കിയത്. 32000 പുതിയ തസ്തികകള്‍ സംസ്ഥാനത്ത് സൃഷ്ടിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പി എസ് സികള്‍ നടത്തുന്ന ആകെ നിയമനത്തിന്റെ 60% വും കേരളത്തിലാണ്. സര്‍ക്കാര്‍ തൊഴിലുകള്‍ ഇല്ലാതാക്കുകയും പൊതുമേഖലയെ വിറ്റഴിക്കുകയും ചെയ്യുന്ന വലതുപക്ഷ നയങ്ങളോട് പൊരുതിയും പോരാടിയുമാണ് കേരളസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി യിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനായി പ്രതിമാസം 120 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്തുകൊണ്ട് ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കണം? എന്തുകൊണ്ട് ഇടതുസര്‍ക്കാരുകള്‍ വീണ്ടും തുടരണം? എന്നത് സംബന്ധിച്ച് വ്യക്തമായ നിലപാട് മലയാളിക്കുണ്ട്. അതീ നാടിന്റെ അനുഭവപാഠങ്ങളാണ്. സ്വാനുഭവങ്ങളില്‍ നിന്നും മലയാളി ഉള്‍ക്കൊണ്ട വ്യക്തമായ ബോധ്യങ്ങളാണ്.

നാടിന്റെ വികസന ക്ഷേമ രംഗങ്ങളിലെ അത്ഭുതകരമായ മാറ്റം അനുഭവിച്ച ജനത ഇടതു സര്‍ക്കാരിനെ ഹൃദയത്തിലേറ്റുന്നു. കേരളത്തെ ദിശാബോധത്തോടെ മുന്നോട്ടുനയിക്കാനും ഒറ്റക്കെട്ടായി വികസനപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനും ഇടതുപക്ഷത്തിനുമാത്രമേ കഴിയൂ എന്നവര്‍ക്ക് വ്യക്തമായറിയാം. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ളതും സുസ്ഥിരവുമായ വികസന പദ്ധതികള്‍ക്ക് സാര്‍ത്ഥകമായ തുടര്‍ച്ചയുണ്ടാകണം എന്ന് ജനങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

 Mammootty says Kerala is younger than him

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടു കൂടി കേരളത്തിന്റെ വികസനാസൂത്രണ രംഗത്ത് ഇനി വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഇടതുമുന്നണി വ്യക്തമായ നയം രൂപീകരിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിലേക്ക് ഇടതുപക്ഷം വിജയിച്ചെത്തേണ്ടത് അനിവാര്യമാണ്.
കേരളം ഇടതുപക്ഷത്തിന് നല്‍കിയ ഉറപ്പായിരുന്നു പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ച. ആ തുടര്‍ച്ചയാണ് അത്ഭുതകരമായ വികസന പ്രവര്‍ത്തനങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചത്.

നാം കൈവരിച്ച നേട്ടങ്ങള്‍ നിലച്ചു പോകാതെയും വികസനം വഴിമാറി പോകാതെയും നാടു മുന്നോട്ടു പോകാന്‍ കാരണമായത് ആ ഭരണത്തുടര്‍ച്ചയാണ്. ആ വികസന പ്രയാണം ഇടര്‍ച്ച കൂടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇനിയും തുടര്‍ച്ച അനിവാര്യമാണ്. നവ കേരള സാക്ഷാത്കാരത്തിലേക്കുള്ള പ്രയാണം നമുക്കു മുന്നോട്ടുകൊണ്ടുപോയേ മതിയാകൂ. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ നിര്‍ണായകമായ ഒരു ഘട്ടമാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്. ആ പ്രാധാന്യത്തോടെ കൂടി വേണം തെരഞ്ഞെടുപ്പിനെ നോക്കിക്കാണാന്‍.

കേരളത്തിന്റെ ശോഭനമായ ഭാവിക്കായി ഇടതുപക്ഷത്തിനൊപ്പം ജനങ്ങളാകെ അണിചേരണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.


Content Highlight: Kerala’s achievements are compared with developed countries: K.N. Balagopal