ഹൈദരാബാദ്: ബീഫ് വിറ്റുവെന്ന് ആരോപിച്ച് കേരള റെസ്റ്റോറന്റിന് നേരെ ബജ്റംഗ്ദള്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റിക്ക് (ഇ.എഫ്.എല്‍.യു) സമീപത്തുള്ള ജോഷ്യേട്ടന്‍സ് കേരള തട്ടുകടക്ക് എതിരെയാണ് ആക്രമണമുണ്ടായത്. ദേശീയ മാധ്യമമായ സിയാസതാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെസ്റ്റോറന്റില്‍ എത്തുകയും ബീഫ് വിളമ്പിയാല്‍ ഔട്ട്ലെറ്റ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് വിവരം. പിന്നാലെ, അക്രമികള്‍ റെസ്റ്റോറന്റില്‍ ഉണ്ടായിരുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെന്നും ഇഫ്‌ലുവിലെ വിദ്യാര്‍ത്ഥികളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പിന്നീട് ഒസ്മാനിയ യൂണിവേഴ്‌സിറ്റി പൊലീസ് എത്തുകയും സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുമ്പ് തടഞ്ഞു എന്നുമാണ് വിവരം. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആക്രമണം എപ്പോഴാണ് നടന്നത് എന്നത് അടക്കമുള്ള വിവരങ്ങളും അറിയാന്‍ സാധിച്ചിട്ടില്ല.
ഹൈദരാബാദിലോ തെലങ്കാനയിലോ ഇത്തരമൊരു സംഭവം ആദ്യമാണ്. എന്നാല്‍, അടുത്ത കാലത്തായി ഇന്ത്യയൊട്ടാകെ ബീഫ് വിളമ്പിയതിന് പല റെസ്റ്റോറന്റുകള്‍ക്ക് നേരെ ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഈ വര്‍ഷം മെയ് മാസം ദല്‍ഹി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കടയില്‍ പശുമാംസം വിറ്റുവെന്ന് ആരോപിച്ച് കടയുടമക്ക് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായിരുന്നു.