പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താമെന്ന് സുപ്രീം കോടതി; എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി
India
പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താമെന്ന് സുപ്രീം കോടതി; എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th September 2021, 1:30 pm

ന്യൂദല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി. പരീക്ഷ നടത്തുന്നതിന് തടസ്സമില്ലെന്നും പരാതിക്കാരുടെ ആവശ്യം തള്ളുകയാണെന്നും കോടതി പറഞ്ഞു.

പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ഉത്തരവ്.

സര്‍ക്കാരിന്റെ വിശദീകരണത്തില്‍ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി. മുന്‍പ് നടത്തിയ പരീക്ഷയിലും സുപ്രീം കോടതി തൃപ്തിയറിയിച്ചു. പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ മുന്‍കരുതല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു.

ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുണ്ടാകാത്ത രൂപത്തില്‍ പരീക്ഷ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു.

പുതുക്കിയ ടൈം ടേബിള്‍ നിശ്ചയിച്ച് മറ്റ് നടപടികളുമായി മുന്നോട്ടു പോകും. പരീക്ഷ നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ചോദ്യപ്പേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ പൊലീസ് കാവലിലാണ് സ്‌കൂള്‍. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് ബോര്‍ഡ് പരീക്ഷ നടത്തിയ ഏക സംസ്ഥാനം കേരളമാണ്. അതിന്റെ ഗുണമുണ്ടായിട്ടുണ്ടെന്നും മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടകത്തിലെയും ലക്ഷദ്വീപിലേയും വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയുണ്ടായിരുന്നില്ല. അവിടെ ഓള്‍ പ്രമോഷന്‍ കൊടുത്തതായിരുന്നു. മാര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇവിടെ അപേക്ഷ കൊടുക്കാന്‍ കഴിയുന്നില്ല. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോള്‍ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമര്‍ശിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Kerala Plus One Exam Supreme Court Verdict