കരുത്തില്‍ സഞ്ജുവും രോഹനും മാത്രമല്ല, റെക്കോഡ് കുതിപ്പില്‍ യൂസഫ് പത്താനെ വെട്ടി വിഷ്ണു വിനോദും!
Sports News
കരുത്തില്‍ സഞ്ജുവും രോഹനും മാത്രമല്ല, റെക്കോഡ് കുതിപ്പില്‍ യൂസഫ് പത്താനെ വെട്ടി വിഷ്ണു വിനോദും!
ശ്രീരാഗ് പാറക്കല്‍
Sunday, 4th January 2026, 8:27 pm

കഴിഞ്ഞ ദിവസം വിജയ് ഹസാരെ ട്രോഫിയില്‍ നടന്ന മത്സരത്തില്‍ ജാര്‍ഖണ്ഡിനെ പരാജയപ്പെടുത്തി കേരളം മിന്നും വിജയമാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം.

രോഹന്‍ കുന്നുമ്മലിന്റെയും സഞ്ജു സാംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് കേരളം ടൂര്‍ണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 312 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 45 പന്തുകള്‍ ബാക്കി നില്‍ക്കേ മറികടക്കുകയായിരുന്നു.

സഞ്ജുവും രോഹനും

സഞ്ജു 101 റണ്‍സ് നേടിയപ്പോള്‍ 124 റണ്‍സായിരുന്നു രോഹന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങി ബാബ അപരാജിത് 41 റണ്‍സും നാലാമനായി ഇറങ്ങിയ വിഷ്ണു വിനോദ് 40 റണ്‍സും കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്‌സ്.

മത്സരത്തില്‍ രണ്ട് സിക്‌സ് നേടിയതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലാണ് വിഷ്ണു എത്തിച്ചേര്‍ന്നത്. വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് വിഷ്ണു വിനോദിന് സാധിച്ചത്. സൂപ്പര്‍ താരങ്ങളായ ഗെയ്ക്വാദും മനീഷ് പാണ്ഡെയുമടക്കമുള്ളവര്‍ വാഴുന്ന ലിസ്റ്റിലാണ് താരം അടിച്ചുകേറിയത്.

വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്നവര്‍, മത്സരം, റണ്‍സ്, സിക്സ് എന്ന ക്രമത്തില്‍

മനീഷ് പാണ്ഡെ (കര്‍ണാടക) – 103 – 3403 – 108

ഋതുരാജ് ഗെയ്ക്വാദ് (മഹാരാഷ്ട്ര) – 57 – 3180 – 105

വിഷ്ണു വിനോദ് (കേരളം) – 56 – 1975 – 92

യൂസഫ് പത്താന്‍ (ബറോഡ) – 58 – 1965 – 91

ഇഷാന്‍ കിഷന്‍ (ജാര്‍ഖണ്ഡ്) – 50 – 1928 – 85

അതേസമയം മത്സരത്തില്‍ ജാര്‍ഖണ്ഡിനായി ശുഭം കുമാര്‍ സിങ്, വികാഷ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴ് വിക്കറ്റിന് 311 റണ്‍സെടുത്തിരുന്നു. ടീമിനായി കുമാര്‍ കുശാഗ്രയും അങ്കുല്‍ റോയും മികച്ച പ്രകടനം നടത്തിയത്. കുശാഗ്ര 137 പന്തില്‍ 143 റണ്‍സും അങ്കുല്‍ 72 പന്തില്‍ 72 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനടക്കം ബാക്കി താരങ്ങള്‍ നിരാശപ്പെടുത്തി.

കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. ഒപ്പം ബാബ അപരാജിത് രണ്ട് വിക്കറ്റും ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Kerala Player Vishnu Vinod In Great Record Achievement In Vijay Hazare Trophy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ