അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം; ഇന്ത്യക്കൊപ്പം സെഞ്ച്വറി തിളക്കത്തില്‍ മലയാളി താരം
Cricket
അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം; ഇന്ത്യക്കൊപ്പം സെഞ്ച്വറി തിളക്കത്തില്‍ മലയാളി താരം
സുദേവ് എ
Friday, 17th July 2026, 11:17 am

അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടി മലയാളി താരം മാനവ് കൃഷ്ണ. ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരെയാണ് മാനവ് സെഞ്ച്വറി നേടി തിളങ്ങിയത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെയാണ് മാനവിന്റെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ 154 പന്തുകളില്‍ നിന്നും 100 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് മാനവ് നേടിയത്.

കേരള അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ മാനവ് ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. 2026 ജനുവരിയില്‍ രഞ്ജി ട്രോഫിയില്‍ ഗോവക്കെതിരെയാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

ഒമാനെതിരെയുള്ള പര്യടനത്തിനുള്ള കേരള ടീമിലും മാനവ് ഇടം നേടിയിരുന്നു. 2025 കേരള ക്രിക്കറ്റ് ലീഗിന്റെ ലേലത്തില്‍ പങ്കാളിയായ ഏറ്റവും പ്രായം കുറഞ്ഞ താരവും മാനവ് തന്നെയാണ്.

കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 സീസണില്‍ 592 റണ്‍സാണ് താരം നേടിയത്. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടി തിളങ്ങാനും മാനവിന് സാധിച്ചു.

സൗരാഷ്ട്ര, ഹൈദരാബാദ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു വിക്കറ്റ് കീപ്പറുടെ സെഞ്ച്വറി നേട്ടം. എന്‍.എസ്.കെ ട്രോഫിയില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ പ്രോമിസിങ് യങ്സ്റ്റര്‍ പുരസ്‌കാരവും മാനവിനെ തേടിയെത്തിയിരുന്നു.

അതേസമയം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 424 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 576 റണ്‍സ് അടിച്ചെടുത്തുകൊണ്ട് ആധിപത്യം പുലര്‍ത്തി. 152 ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി രാജേഷ് റായ്ചന്ദാനി ഇരട്ട സെഞ്ച്വറി സ്വന്തമാക്കി. 207 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സാഗര്‍ വീര്‍ക് 134 റണ്‍സും നേടി ടീമിന് കൂറ്റന്‍ റണ്‍സ് നല്‍കുന്നതില്‍ നിര്‍ണായകമായി. രണ്ടാം ഇന്നിങ്‌സില്‍ ലങ്ക തകര്‍ച്ചയോടാണ് തുടങ്ങിയത്. 178 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് ശ്രീലങ്കക്ക് നഷ്ടമായത്.

 

Content Highlight: Kerala player Manav Krishna score century for India

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.