കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; നിരോധനം ലംഘിച്ചാല്‍ കനത്ത പിഴ
Kerala News
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; നിരോധനം ലംഘിച്ചാല്‍ കനത്ത പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st January 2020, 8:06 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കുള്ള നിരോധനം പ്രാബല്യത്തില്‍ വന്നു. വ്യാപാരികളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും തിയ്യതി നീട്ടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ പാടില്ല. കനത്ത പിഴയാണ് നിരോധനം ലംഘിച്ചാല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാല്‍ ആദ്യ തവണ പിഴയടക്കേണ്ടത് 10,000 രൂപയാണ്. രണ്ടാം തവണയാകുമ്പോള്‍ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരിക്കും പിഴ.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്,പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫ്‌ളക്സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ബ്രാന്‍ന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍, വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍, പാല്‍ക്കവര്‍, മത്സ്യവും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കവറുകള്‍ എന്നിവക്ക് നിരോധനമില്ല.

ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗ ശേഷം ബിവറേജസ് കോര്‍പ്പറേഷന്‍,കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ ശേഖരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video