പ്രചരിപ്പിച്ചത് വ്യാജദൃശ്യം, തോമസ് ഐസക്കും സുനില്‍കുമാറും സ്പീക്കറുടെ ഡയസില്‍ കയറി; നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍
Kerala News
പ്രചരിപ്പിച്ചത് വ്യാജദൃശ്യം, തോമസ് ഐസക്കും സുനില്‍കുമാറും സ്പീക്കറുടെ ഡയസില്‍ കയറി; നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 5:15 pm

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹരജിയില്‍ സി.ജെ.എം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതികളെത്തിയത്.

മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്ത്, സി.കെ. സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹരജി സമര്‍പ്പിച്ചത്.

സ്പീക്കറുടെ ഡയസില്‍ കയറിയത് ആറ് എം.എല്‍.എമാര്‍ മാത്രമല്ല. തോമസ് ഐസക്കും സുനില്‍കുമാറും ബി. സത്യനും ഉണ്ടായിരുന്നു. സംഘര്‍ഷം ഉണ്ടാക്കിയത് വാച്ച് ആന്റ് വാര്‍ഡായി എത്തിയ പൊലീസുകാരാണെന്നും ഹരജിയില്‍ പറയുന്നു.

‘അക്രമത്തിന് പ്രതികള്‍ക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസില്‍ പൊലീസ് മാത്രമാണ് സാക്ഷികള്‍,’ ഹരജിയില്‍ പറയുന്നു.

140 എം.എല്‍.എമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നും ഹരജിയില്‍ പറയുന്നുണ്ട്.

അതേസമയം വിടുതല്‍ ഹരജിയെ എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കോടതിയെ അറിയിച്ചു. പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

വിടുതല്‍ ഹരജിയില്‍ അടുത്തമാസം ഏഴിന് കോടതി ഉത്തരവ് പറയും.

ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് 2015 മാര്‍ച്ച് 13ന് രാഷ്ട്രീയ കോലാഹലം നിയസമഭയില്‍ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.

ആറ് ജനപ്രതിനിധികള്‍ക്കെതിരെയായിരുന്നു പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതത്.

കേസില്‍ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Niyamasabha Case accused Plea