നയപ്രഖ്യാപനം: പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കും; വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി; ലഹരിക്കെതിരെ സീറോ ടോളറന്‍സ്
Kerala
നയപ്രഖ്യാപനം: പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കും; വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി; ലഹരിക്കെതിരെ സീറോ ടോളറന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th May 2026, 11:11 am

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്ഥാനമേറ്റ സര്‍ക്കാര്‍ സുതാര്യമായ ഭരണം ഉറപ്പാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കി ധവള പത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

കടുത്ത സാമ്പത്തിക പ്രശ്‌നമാണ് സംസ്ഥാനത്ത് നേരിടുന്നത്. സര്‍ക്കാരിന്റെ സുതാര്യത ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും. ധവള പത്രം പുറത്തിറക്കാന്‍ ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കും. ഇത് സുതാര്യമായ സര്‍ക്കാരാണെന്നും സംശുദ്ധമായ ഭരണം ഉറപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

സംസ്ഥാനത്ത് പ്ലസ് ടു സീറ്റുകള്‍ വര്‍ധിപ്പിക്കും, വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കും, 25 ലക്ഷത്തിന്റെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും എന്നിവ അടക്കമുള്ള പ്രഖ്യാപനങ്ങളും നയപ്രഖ്യാപനത്തിലുണ്ട്.


വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം വരെയാണ് ആര്‍ത്തവ അവധി അനുവദിക്കുക. അവധിക്ക് പകരം പ്രത്യേക ക്ലാസ് നല്‍കും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസം പ്രസവാവധിയും അനുവദിക്കും.

സഹകരണ സ്ഥാപനങ്ങളുമായി പരിഷ്‌കരണ നടപടികളുണ്ടാവുമെന്നും നയപ്രഖ്യപനത്തില്‍ വ്യക്തമാക്കുന്നു. അച്ചടക്കം ഉറപ്പാക്കാന്‍ സഹകരണ സ്ഥാപനങ്ങളില്‍ മേല്‍നോട്ടമുണ്ടാവും.

ലഹരിക്കെതിരെ സീറോ ടോളറന്‍സ് നയം നടപ്പാക്കും. മയക്കുമരുന്ന്, സംഘടിത കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ലഹരിക്കെതിരെ സൈബര്‍ സര്‍വെയ്‌ലന്‍സ് അടക്കം നടപ്പാക്കും. ലഹരിക്കെതിരായ വിമുക്തി പദ്ധതി ശക്തമാക്കും.

സംസ്ഥാനത്തെ ബൈപ്പാസുകള്‍ നാലു വരിപ്പാതകളാക്കും. ഹരിത കെട്ടിടങ്ങളെ പ്രോത്സാഹിപ്പിക്കും. എല്ലാ റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടുതല്‍ നഗരങ്ങളിലേക്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാപിപ്പിക്കും. മലബാര്‍ ക്ഷേത്ര തീര്‍ത്ഥാടന പദ്ധതി ആരംഭിക്കും.

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതടക്കമുള്ള യു.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളെയും ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 3000 രൂപയായി ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തും. ലൈഫ് മിഷനില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. 1000 രൂപ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം അനുവദിക്കും.

മത്സ്യമേഖലക്കായി ബ്ലൂ എക്കണോമി നടപ്പാക്കും.സംസ്ഥാനത്തെ സംയോജിത തുറമുഖ ഹബ്ബാക്കും. ദക്ഷിണേന്ത്യയുടെ ഏവിയേഷന്‍ ഹബ്ബാക്കും. 10000 ചെറുകിട വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും നയ പ്രഖ്യാപനത്തില്‍ പറയുന്നു.

Content Highlight: Kerala New Government Policy Announcement Speech Highlights