തിരുവനന്തപുരം:സഹകരണ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമ ഭേദഗതികളടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു.
സഹകരണ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ സമഗ്രമായി പരിഗണിക്കും. നിക്ഷേപകര്‍ക്കും കടമെടുക്കുന്നവലര്‍ക്കും സഹകരണ സ്ഥാപന അംഗങ്ങള്‍ക്കും ഗുണകരമാവുന്ന സംവിധാനങ്ങള്‍ കൊണ്ടുവരും. ഇതിനായി 1969ലെ കേരള കോ ഓപ്പറേറ്റീവ് സൊസൈറ്റി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
തട്ടിപ്പും ദുര്‍വിനിയോഗവും കാരണം തടസ്സപ്പെട്ട നിക്ഷേപങ്ങള്‍ നിക്ഷേപകരിലെത്തിക്കാന്‍ ഉടനുള്ള നടപടിയെടുക്കും. ദുര്‍വിനിയോഗം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാന്‍ കൃത്യമായ മേല്‍നോട്ട സംവിധാനം സ്ഥാപിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
കോ. ഓപ്പറേറ്റീവ് വിജിലന്‍സ് വിഭാഗത്തെ ശക്തിപ്പെടുത്തും. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അഴിമതി മുക്തവും സുതാര്യവുെമന്ന് ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
എല്ലാ നിക്ഷേപകര്‍ക്കും നിക്ഷേപത്തിന്മേല്‍ ഗ്യാരണ്ടി ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ കൃത്യ സമയത്ത് തിരിച്ചടക്കുന്നത് ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കും. ഡെപ്പോസിറ്റ് ഗാരണ്ടി സ്‌കീമില്‍ മാറ്റം വരുത്തും. നിക്ഷേപങ്ങളുടെ സുരക്ഷ ശക്തമാക്കും. സഹകരണ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത പുനസ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് പുതുതായി സ്ഥാനമേറ്റ സര്‍ക്കാര്‍ സുതാര്യമായ ഭരണം ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കി ധവള പത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
കടുത്ത സാമ്പത്തിക പ്രശ്നമാണ് സംസ്ഥാനത്ത് നേരിടുന്നത്. സര്‍ക്കാരിന്റെ സുതാര്യത ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കും. ധവള പത്രം പുറത്തിറക്കാന്‍ ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കും. ഇത് സുതാര്യമായ സര്‍ക്കാരാണെന്നും സംശുദ്ധമായ ഭരണം ഉറപ്പാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
ലഹരിക്കെതിരെ സീറോ ടോളറന്‍സ് നയം നടപ്പാക്കും. മയക്കുമരുന്ന്, സംഘടിത കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ എന്നിവയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ലഹരിക്കെതിരെ സൈബര്‍ സര്‍വെയ്ലന്‍സ് അടക്കം നടപ്പാക്കും. ലഹരിക്കെതിരായ വിമുക്തി പദ്ധതി ശക്തമാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.
Content Highlight: Kerala New Government Policy Announcement Speech: About Co-Operative Movements