കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ സുപ്രീംകോടതി ഇടപെടില്ല
Daily News
കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തില്‍ സുപ്രീംകോടതി ഇടപെടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th September 2016, 3:24 pm

ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും കൗണ്‍സിലിങ് നിയമപരമാണോ എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


ന്യൂദല്‍ഹി: സ്വാശ്രയ കോളേജുകള്‍ക്ക് ഉപാധികളോടെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം നടത്താന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി.

പ്രവേശന നടപടികള്‍ സര്‍ക്കാര്‍ അനുമതിയോടെ നടന്നതിനാലാണിത്. എന്നാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തായാകാത്ത സീറ്റുകളുണ്ടെങ്കില്‍ അവയില്‍ ഏകീകൃത കൗണ്‍സിലിങ് വേണമെന്നും കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും കൗണ്‍സിലിങ് നിയമപരമാണോ എന്ന കാര്യം ഹൈക്കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ എല്ലാം പൂര്‍ത്തിയായി ക്ലാസുകള്‍ ആരംഭിച്ചുവെന്ന് സ്വകാര്യ കോളേജുകള്‍ കോടതിയെ അറിയിച്ചു.

അമൃത കലപ്പിത സര്‍വകലാശാല മെഡിക്കല്‍ പ്രവേശനത്തിനായി സ്വന്തം നിലയില്‍ നടത്തിയ കൗണ്‍സലിങ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനാലാണിത്.

അതേസമയം മഹാരാഷ്ട്രയില്‍ ഏകീകൃത കൗണ്‍സിങ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇനി പ്രവേശനം നടക്കാനുള്ള സീറ്റുകളിലാണ് വിധി ബാധകമാവുക. എന്നാല്‍ കല്‍പ്പിത സര്‍വകലാശാലകളിലെ ഈ വര്‍ഷത്തെ കൗണ്‍സലിങ് കോടതി നിലനിര്‍ത്തി.

സംസ്ഥാന സര്‍ക്കാറിന്റെ കേന്ദ്രീകൃത കൗണ്‍സിലിങ്ങിലൂടെ മാത്രമേ പ്രവേശനം നടത്താവൂ എന്നും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിവിധിക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്.

ഓഗസ്റ്റ് 26നാണ് സ്വകാര്യ കോളേജുകള്‍ക്കും കല്‍പ്പിത സര്‍വകലാശാലകള്‍ക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്വന്തം നിലയ്ക്ക് കൗണ്‍സലിങ് നടത്താന്‍ ഉപാധികളോടെ കേരള ഹൈക്കോടതി അനുമതി നല്‍കിയത്.

സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനം ഏറ്റെടുത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ഉപാധികളോടെ സ്റ്റേ ചെയ്യുകയായിരുന്നു.

കേസില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനുപുറമേ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്തി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുമുണ്ട്.