ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കുതിപ്പ്; 22 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്; 12 സീറ്റുകളില്‍ യു.ഡി.എഫ്
Kerala
ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കുതിപ്പ്; 22 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്; 12 സീറ്റുകളില്‍ യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 12:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കുതിപ്പ്. ഫലംപ്രഖ്യാപിച്ച 22 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു. 7 വാര്‍ഡുകള്‍ പിടിച്ചെടുത്തു. 12 സീറ്റുകളില്‍ വിജയിച്ച യു.ഡി.എഫ് 4 വാര്‍ഡുകള്‍ പിടിച്ചെടുത്തു. എന്‍.ഡി.എ ആറ് സീറ്റുകള്‍ നേടി.

സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം. 22 സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചു. നെടുമ്പാശേരിയില്‍ ഭരണം നിലനിര്‍ത്തി. കൊല്ലം വെളിനെല്ലൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണ നഷ്ടമായി. യു.ഡി.എഫിന് കേവലഭൂരിപക്ഷം ലഭിച്ചു. മലപ്പുറം ആലംകോട് ഒരു വാര്‍ഡ് പിടിച്ചെടുത്തു.

കൊല്ലം ജില്ലയിലെ ആറു പഞ്ചായത്ത് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് വിജയം നേടി. വെളിയം പഞ്ചായത്തിലെ കളപ്പില, ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട്ടെ നാന്തിരിക്കല്‍, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം എന്നീ വാര്‍ഡുകളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുണ്ടായി. എല്‍.ഡി.എഫിന്റെ രണ്ടു സീറ്റുക ബി.ജെ.പി പിടിച്ചെടുത്തു.ഇതോടെ നഗരസഭയില്‍ എല്‍.ഡി.എഫിന് കേലവഭൂരിപക്ഷം നഷ്ടമായി.

തൃപ്പൂണിത്തുറ നഗരസഭയിലെ 11-ാം വാര്‍ഡായ ഇളമനത്തോപ്പ്, നാല്‍പ്പത്താറാം ഡിവിഷനായ പിഷാരി കോവിലില്‍ എന്നിവയാണ് എല്‍.ഡി.എഫിന് നഷ്ടമായത്.

പിഷാരി കോവില്‍ വാര്‍ഡില്‍ രതി രാജുവും എളമനത്തോപ്പില്‍ വള്ളി രവിയുമാണ് ബി.ജെ.പിക്കു വേണ്ടി സീറ്റുകള്‍ പിടിച്ചെടുത്തത്. നഗരസഭയില്‍ അട്ടിമറി വിജയമാണ് ബി.ജെ.പിയുടേത്.

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് ജയം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

തൃശ്ശൂരില്‍ ആറിടങ്ങളില്‍ നാലിടത്തും എല്‍.ഡി.എഫ് വിജയിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച തൃക്കൂര്‍ ആലേങ്ങാട് വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു.

വടക്കാഞ്ചേരി നഗരസഭ 13-ാം ഡിവിഷന്‍ ഒന്നാംകല്ലില്‍ മല്ലിക സുരേഷ് യു.ഡി.എഫിലെ സിന്ധു സുബ്രഹ്‌മണ്യനെ 27 വോട്ടിന് പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷീന രാജന്‍, യു.ഡി.എഫിലെ ശാലിനി ഉണ്ണികൃഷ്ണനെ 597 വോട്ടിന് പരാജയപ്പെടുത്തി.

കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥി പത്മജ എസ്. മേനോന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്.

കാസര്‍കോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലേക്കും ഇന്നലേയാണ് വോട്ടെടുപ്പ് നടന്നത്. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

182 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. 19 പേര്‍ സ്ത്രീകളാണ്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 46 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

Content Highlight: Kerala Local Body Election Result LDF and UDF winning seat