സഞ്ജുവും രോഹനും കസറി; ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച് കേരളം
Cricket
സഞ്ജുവും രോഹനും കസറി; ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച് കേരളം
ഫസീഹ പി.സി.
Saturday, 3rd January 2026, 5:33 pm

വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെ തോല്‍പ്പിച്ച് കേരളം. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. രോഹന്‍ കുന്നുമ്മലിന്റെയും സഞ്ജു സാംസണിന്റെയും സെഞ്ച്വറി കരുത്തിലാണ് കേരളം ടൂര്‍ണമെന്റിലെ മൂന്നാം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ജാര്‍ഖണ്ഡ് ഉയര്‍ത്തിയ 312 റണ്‍സിന്റെ വിജയലക്ഷ്യം കേരളം 45 പന്തുകള്‍ ബാക്കി നില്‍ക്കേ മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ സഞ്ജുവും രോഹനും ചേര്‍ന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തിന് മികച്ച തുടക്കമാണ് നല്‍കിയത്. ഈ സഖ്യം 212 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. സെഞ്ച്വറി നേടിയ രോഹന്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.

78 പന്തില്‍ 124 റണ്‍സായിരുന്നു രോഹന്റെ സമ്പാദ്യം. 11 സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പിന്നാലെ ബാബ അപരാജിത് ബാറ്റിങ്ങിന് എത്തി.

അപരാജിത്തിനെയും കൂട്ടുപിടിച്ച് സഞ്ജു ടീമിനെ മുന്നോട്ട് നയിച്ചു. നേരിട്ട 90ാം പന്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഏറെ വൈകാതെ താരം തിരികെ നടന്നു. 95 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ഫോറും അടക്കം 101 റണ്‍സ് നേടിയിരുന്നു താരത്തിന്റെ മടക്കം.

Photo: Team Samson/x.com

പിന്നാലെ വിഷ്ണു വിനോദ് ക്രീസിലെത്തി. അപരാജിത് വിഷ്ണുവിനെ ചേര്‍ത്ത് പിടിച്ച് കേരളത്തിന് വിജയം സമ്മാനിച്ചു. ഇരുവരും 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അപരാജിത് 49 പന്തില്‍ 41 റണ്‍സും വിഷ്ണു 33 പന്തില്‍ 40 റണ്‍സും നേടി പുറത്താവാതെ നിന്നു.

ജാര്‍ഖണ്ഡിനായി ശുഭം കുമാര്‍ സിങ്, വികാഷ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴ് വിക്കറ്റിന് 311 റണ്‍സെടുത്തിരുന്നു. ടീമിനായി കുമാര്‍ കുശാഗ്രയും അങ്കുല്‍ റോയും മികച്ച പ്രകടനം നടത്തിയത്. കുശാഗ്ര 137 പന്തില്‍ 143 റണ്‍സും അങ്കുല്‍ 72 പന്തില്‍ 72 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷനടക്കം ബാക്കി താരങ്ങള്‍ നിരാശപ്പെടുത്തി.

കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. ഒപ്പം ബാബ അപരാജിത് രണ്ട് വിക്കറ്റും ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Kerala defeated Jharkhand in Vijay Hazare Trophy with Sanju Samson’s and Rohan Kunnumal’s Century

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി