സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കേരളം ടോപ്പ് പെര്‍ഫോമര്‍
Kerala News
സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കേരളം ടോപ്പ് പെര്‍ഫോമര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2022, 9:02 pm

തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തിന് ടോപ്പ് പെര്‍ഫോമര്‍ പദവിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഇവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലുള്ള നൂതനമായ ആശയങ്ങള്‍ നടപ്പില്‍ വരുത്തിയും സ്റ്റാര്‍ട്ടപ്പുകളുടെ ധ്രുതഗതിയിലുള്ള വളര്‍ച്ചക്കാവശ്യമായ എക്കോസിസ്റ്റം സൃഷ്ടിച്ചെടുത്താണ് ഇത്തവണയും കേരളം ടോപ്പ് പെര്‍ഫോമര്‍ പട്ടികയില്‍ ഇടം പിടിച്ചതെന്നും മന്ത്രി അറിയിച്ചു.

‘കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി നിയമിച്ച വിദഗ്ധ സമിതിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ മാസം അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാര്‍ട്ടപ്പ് ജീനോമും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് റാങ്കിങിലും കേരളം ഏഷ്യയില്‍ ഒന്നാമതെത്തിയിരുന്നു.

നമ്മുടെ നാട്ടില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവരേയും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയും വിവാദത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാട് നല്‍കുന്ന മറുപടി കൂടിയാണ് ഇത്തവണത്തെ സ്റ്റാര്‍ട്ടപ്പ് റാങ്കിങ്ങ്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്കായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട വിവിധ പ്രവര്‍ത്തനങ്ങളെ അവാര്‍ഡ് നിര്‍ണയിച്ച സമിതി പ്രത്യേകം പരാമര്‍ശിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനവും സര്‍ക്കാര്‍ പിന്തുണയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യമൊരുക്കി. ഈ സാഹര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് 3,600 ഓളം സ്റ്റാര്‍ട്ടപ്പുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ ആരംഭിച്ചത്. അടുത്ത നാല് വര്‍ഷം കൊണ്ട് 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ആരംഭിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഉത്‌പ്രേരകമാകുന്ന അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന ഉറച്ച ബോധ്യത്തോടുകൂടി അഭിമാനകരമായ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും നാടിന്റെ വളര്‍ച്ച സാധ്യമാക്കാനുമുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും,’ പി. രാജീവ് പറഞ്ഞു.

അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോവുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നല്‍കുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരത്തിന് കേരളം അര്‍ഹമായത്.
കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രൂപപ്പെടുത്തിയ വിദഗ്ധ സമിതിയാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ഉല്‍പ്പന്ന രൂപകല്‍പ്പനയ്ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഡിജിറ്റല്‍ ഹബ്ബെന്ന നിലയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ പോലുള്ള ദൗത്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതിനെ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ സമിതി പ്രകീര്‍ത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.