ഭ്രാന്ത് മൂത്തു നട്ടപ്രാന്തിന്റെ അവസ്ഥയിലാണ് കേരളമിപ്പോള്‍; ടി പത്മനാഭന്‍
kERALA NEWS
ഭ്രാന്ത് മൂത്തു നട്ടപ്രാന്തിന്റെ അവസ്ഥയിലാണ് കേരളമിപ്പോള്‍; ടി പത്മനാഭന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2018, 10:10 am

കോഴിക്കോട്: കേരളം ഭ്രാന്താലയമെന്നു മുന്‍പൊരാള്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഭ്രാന്ത് മൂത്തു നട്ടപ്രാന്തിന്റെ അവസ്ഥയിലാണ് കേരളമെന്നു കഥാകൃത്ത് ടി.പദമനാഭന്‍. കണ്ണൂര്‍ ശിക്ഷക് സ്ഥാനില്‍ നടന്ന സാമൂഹിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭ്രാന്താലയമെന്നു വിശേഷിക്കപ്പെട്ട കേരളത്തെ, പക്ഷെ നവോത്ഥാന പ്രസ്ഥാനം ഏറെ മുന്നോട്ട് നയിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവായിരുന്നു പ്രസ്ഥാനത്തിന്റെ അമരക്കാരന്‍. അരുവിപ്പുറത്ത് ക്ഷേത്രം നിര്‍മ്മിച്ചതിനെ മേല്‍ജാതിക്കാര്‍ എതിര്‍ത്തപ്പോള്‍, താന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയെന്നു അദ്ദേഹം പ്രതിവചിച്ചു. അതിനു ശേഷം കേരളം കണ്ടത് ഗംഭീരമായ സാമൂഹിക മുന്നേറ്റമാണ്. മലയാളത്തിന്റെ കഥാകാരന്‍ പറഞ്ഞു.

Also read പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രിയുടെ “മാര്‍ക്കറ്റിംഗ് ഗിമ്മിക്ക്” മാത്രം, ആദ്യം സി.ബി.ഐയിലെ പ്രശ്‌നം പരിഹരിക്ക്; പരിഹാസവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല.

ഭൂമിയിലെ സര്‍വ്വ ചരാചരങ്ങളെയും ഒന്നായി കണ്ടയാളാണ് ചട്ടമ്പിസ്വാമികള്‍. വാഗ്ഭടാനന്ദന്‍, ആലത്തൂര്‍ സിദ്ധാശ്രമം ഗുരു, എന്നിവരുടെ സംഭാവനയും എടുത്തുപറയേണ്ടത്. അദ്ദേഹം പറഞ്ഞു. ഇവരെപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന പ്രതിഭയാണ് മന്നത്ത് പദ്മനാഭന്‍. വിമോചനസമരനായകനെന്നതിനപ്പുറം ജാതീയതയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പടപൊരുതിയ ആളാണ് പദമനാഭന്‍. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇന്നത്തെ തലമുറക്ക് സങ്കല്പിക്കാവുന്നതിനും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. ജി.സുകുമാരന്‍ നായരെ അളക്കുന്ന അളവുകോല്‍ കൊണ്ടല്ല അദ്ദേഹത്തെ ആളക്കേണ്ടതെന്നും ടി.പദമനാഭന്‍ കൂട്ടിച്ചേര്‍ത്തു.

ഇവരൊക്കെ തന്ന ഊര്‍ജ്ജമാണ് ജാതിബോധത്തിനെതിരെ ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. ഉന്നതജാതിയില്‍ പെട്ട തന്റെ ഭാര്യ മരിച്ചപ്പോള്‍ ബലികര്‍മ്മം നടത്തിയത് താഴ്ന്ന ജാതിക്കാരനായ തന്റെ സുഹൃത്ത് രാമചന്ദ്രനാണ്. താന്‍ മരിച്ചാലും കര്‍മ്മം നടത്തുക രാമചന്ദ്രന്‍ തന്നെയായിരിക്കും. അദ്ദേഹം പറഞ്ഞു.