കേരളത്തിന്റേത് കടക്കെണിയല്ല; കേന്ദ്രകടം 218 ലക്ഷം കോടിയിലേക്ക്; കേരളം മറ്റ് സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട നിലയിലെന്ന് കണക്കുകള്‍
Kerala News
കേരളത്തിന്റേത് കടക്കെണിയല്ല; കേന്ദ്രകടം 218 ലക്ഷം കോടിയിലേക്ക്; കേരളം മറ്റ് സംസ്ഥാനങ്ങളെക്കാളും മെച്ചപ്പെട്ട നിലയിലെന്ന് കണക്കുകള്‍
ആദര്‍ശ് എം.കെ.
Saturday, 6th June 2026, 8:08 am

 

തിരുവനന്തപുരം: കേരളം വലിയ കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലുമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമാകുമ്പോഴും, കേന്ദ്ര സര്‍ക്കാരിന്റെ വര്‍ധിച്ചുവരുന്ന കടബാധ്യതകള്‍ വ്യക്തമാക്കുന്ന ബജറ്റ് കണക്കുകള്‍ പുറത്ത്.

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ കേന്ദ്രത്തിന്റെ ആകെ കടം 218.63 ലക്ഷം കോടി രൂപയില്‍ എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനത്തില്‍ ഇത് 200.53 ലക്ഷം കോടി രൂപയായിരുന്നു. അതായത് ഒറ്റവര്‍ഷം കൊണ്ട് മാത്രം 18 ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് കേന്ദ്രകടത്തിലുണ്ടായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ആകെ കടവും ജി.ഡി.പിയും തമ്മിലുള്ള അനുപാതം 56 ശതമാനമാണ്. ഇതിനെ അപേക്ഷിച്ച് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കേരളത്തിന്റെ കടം-ജി.എസ്.ഡി.പി അനുപാതം 35.5 ശതമാനമാണെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 34 ശതമാനത്തില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ ജി.എസ്.ഡി.പി കടം അനുപാതം പരിശോധിച്ചാല്‍ നിലവില്‍ ഇന്ത്യയില്‍ 11ാം സ്ഥാനത്താണ് കേരളം. ആകെ കടത്തിന്റെ അളവ് പരിഗണിക്കുമ്പോള്‍ പത്താം സ്ഥാനത്തുമാണ് സംസ്ഥാനം.

കടം-ജി.എസ്.ഡി.പി അനുപാതത്തില്‍ ഇന്ത്യയിലെ പല പ്രമുഖ സംസ്ഥാനങ്ങളും കേരളത്തിന് മുകളിലാണ്.

57 ശതമാനവുമായി ബി.ജെ.പി ഭരിക്കുന്ന അരുണാചല്‍ പ്രദേശാണ് പട്ടികയില്‍ ഒന്നാമത്. പഞ്ചാബ് (47 ശതമാനം), ഹിമാചല്‍ പ്രദേശ് (45.2 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇവര്‍ക്ക് പുറമെ ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍, ആന്ധ്ര പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളും കടം അനുപാതത്തില്‍ കേരളത്തേക്കാള്‍ മുന്നിലാണ്.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും കേരളത്തിന്റെ കടം ഇരട്ടിയായി വര്‍ധിക്കാറുണ്ടായിരുന്ന മുന്‍കാല രീതിക്ക് കഴിഞ്ഞ 10 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ മാറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വര്‍ഷം തിരിച്ചുള്ള കടം-ജി.എസ്.ഡി.പി അനുപാതം

2016: 27.36%

2019-20: 20.43% (കൊവിഡിന് മുന്‍പ് കുറയ്ക്കാന്‍ സാധിച്ചു)

2020-21: 38.83% (കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ഉയര്‍ന്നത്)

നിലവില്‍: 34 ശതമാനത്തിലേക്ക് താഴ്ത്തി

2016-ല്‍ 27.36 ശതമാനമായിരുന്ന കടം അനുപാതം 2019-20 കാലയളവില്‍ 20.43 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പാണ് പിന്നീട് ഇത് 38.83 ശതമാനമായി ഉയരാന്‍ ഇടയാക്കിയത്.

എങ്കിലും, തുടര്‍ന്നുള്ള അഞ്ച് വര്‍ഷം കൊണ്ട് ഈ കടം അനുപാതം 34 ശതമാനത്തിലേക്ക് വീണ്ടും താഴ്ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സാധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

 

Content Highlight: Kerala is not in a debt trap; figures show it is in a better position than other states

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.