കേരളം ആരുടേയും പിതൃസ്വത്തല്ല; കിറ്റെക്‌സ് കേരളത്തില്‍ പ്രവര്‍ത്തനം തുടരും: സാബു ജേക്കബ്
Kerala News
കേരളം ആരുടേയും പിതൃസ്വത്തല്ല; കിറ്റെക്‌സ് കേരളത്തില്‍ പ്രവര്‍ത്തനം തുടരും: സാബു ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th June 2025, 7:17 pm

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കിറ്റെക്‌സ് എം.ഡി സാബു. എം. ജേക്കബ്. കേരളത്തില്‍ ഇനിയും കിറ്റെക്‌സ് പ്രവര്‍ത്തനം തുടരുമെന്നും അതിന് പിണറായി വിജയന്റേയോ മന്ത്രി പി. രാജീവിന്റേയോ അനുവാദം വേണ്ടെന്നും സാബു ജേക്കബ് പ്രതികരിച്ചു.

കിറ്റെക്‌സിനെ ആന്ധ്ര പ്രദേശിലേക്ക് ക്ഷണിച്ച് ആന്ധ്ര പ്രദേശ് ടെക്‌സ്റ്റൈല്‍സ് കമ്പനിയില്‍ എത്തിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സാബു ജേക്കബിന്റെ പ്രതികരണം. പിണറായി സര്‍ക്കാര്‍ റെയ്ഡുകള്‍ നടത്തി ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം (പി. രാജീവ്) പറഞ്ഞ ഒരു കാര്യമുണ്ട്. കിറ്റെക്‌സ് വളര്‍ന്നത് കേരളത്തിത്തിന്റെ മണ്ണിലാണെന്നും അത് മറക്കരുതെന്നും കേരളത്തില്‍ നിന്നാണ് ഈ പൈസ മുഴുവന്‍ ഉണ്ടാക്കിയതെന്നും. ഇത് കേട്ടാല്‍ നമുക്ക് തോന്നും കേരളം ആരുടെയൊക്കയോ സ്വത്ത് ആണെന്നും അവര്‍ തന്നത് തീറ് എഴുതി വാങ്ങിച്ച് വ്യവസായം നടത്തുന്നത് പോലെയാണെന്ന്.

കേരളം എന്നത് ഇന്ത്യ രാജ്യത്തെ സംസ്ഥാനമാണ്. ആ സംസ്ഥാനത്ത് ജനിച്ച് വളര്‍ന്നവരാണ് ഞാനും നിങ്ങളും ഈ പറയുന്നവരുമൊക്കെ. അത് ആരുടേയും പിതൃസ്വത്ത് അല്ല,’ സാബു പറഞ്ഞു. പി. രാജീവിന്റേയും എം.എല്‍.എ ശ്രീനിജന്റേയും മക്കളുടെ വിദ്യാഭ്യാസം നടക്കുന്നതെന്ന് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.

കേരളത്തില്‍ നിക്ഷേപകര്‍ക്ക് മനസമാധാനം വേണമെന്ന് താന്‍ പറഞ്ഞപ്പോള്‍ മനസമാധാനം വേണമെങ്കില്‍ സാബു തന്നെ വിചാരിക്കണമെന്ന് പറഞ്ഞത് ഏത് രീതിയിലാണെന്ന് തനിക്ക് മനസിലാകുമെന്നും, അംബാനിയേയും അദാനിയേയും ഇവിടെ നിന്ന് ഓടിക്കാന്‍ ശ്രമിച്ചെന്നും ഇപ്പോള്‍ അദാനിയുടെ കൈയില്‍ നിന്ന് കൈക്കൂലിയടക്കം വാങ്ങിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ സാബു ജേക്കബിന്റേത് വ്യവസായിയുടേതല്ല രാഷ്ട്രീയ നേതാവിന്റെ സ്വരം ആണെന്ന് മന്ത്രി പി. രാജീവും മറുപടി നല്‍കി. ആറ് പേരെ വെച്ച് തുടങ്ങിയ കിറ്റെക്‌സ് കമ്പനി ഇവിടെ പ്രവര്‍ത്തിച്ച് തന്നെയാണ് തുടങ്ങിയതെന്നും അത് മറക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ കേരളത്തിലേക്ക് കമ്പനികള്‍ കടന്നുവരുന്ന കാലം കൂടിയാണിത്. ഈ ഘട്ടത്തിലും കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്നവര്‍ ഈ നാട്ടിലെ ചെറുപ്പക്കാരോടും ഈ നാടിനോടും മറുപടി പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞിരുന്നു.

‘ഞങ്ങള്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ മികച്ച തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. അത് തുടരും. നാട് വളരും. ജനങ്ങള്‍ മുന്നേറും. സര്‍ക്കാര്‍ ഒപ്പമുണ്ട്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ്ങ് കമ്പനികളിലൊന്നായ എച്ച്. സി. എല്‍. ടെക് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിക്കുകയാണ്. നാളെ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. പദ്മഭൂഷണ്‍ ജേതാവ് കൂടിയായ ഇന്ത്യയിലെ പ്രധാന വ്യവസായി ശ്രീ. കൃഷ്ണ ഇള കേരളം വ്യവസായത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണെന്ന അഭിപ്രായം പറഞ്ഞ ആളാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ കേരളത്തിലേക്ക് കമ്പനികള്‍ കടന്നുവരുന്ന കാലം കൂടിയാണിത്. ഈ ഘട്ടത്തിലും കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്നവര്‍ ഈ നാട്ടിലെ ചെറുപ്പക്കാരോടും ഈ നാടിനോടും മറുപടി പറയേണ്ടിവരും. ഞങ്ങള്‍ ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ മികച്ച തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ്,’ മന്ത്രി പറഞ്ഞു.

Content Highlight: Kerala is not anyone’s ancestral property; Kitex will continue to operate in Kerala; Sabu Jacob