കൊച്ചി: ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസാണ് റദ്ദാക്കിയത്. എറണാകുളം സി.ജെ.എം കോടതിയിലെ നടപടികളും റദ്ദാക്കി.
ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ തീരുമാനം. കേസ് എന്തുകൊണ്ട് എഴുതിത്തള്ളുന്നില്ലെന്നും കോടതി പൊലീസിനോട് ചോദിച്ചു. നേരത്തെ ശ്വേതക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു.
മലയാള സിനിമ താരസംഘടനയായ ‘അമ്മ’യിലെ തെരഞ്ഞെടുപ്പ് സമയത്താണ് ശ്വേത മേനോനെതിരെ കേസെടുത്തത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.
എന്നാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്ക് അടിസ്ഥാനമായ തെളിവുകളില്ലെന്നും താരസംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സമയത്ത് ഫയല്‍ ചെയ്ത കേസ് ദുരുദ്ദേശപരമാണെന്നും ശ്വേത വാദിച്ചിരുന്നു.