കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്: പൊലീസിനോട് ഹൈക്കോടതി
Kerala
കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്: പൊലീസിനോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 2:04 pm

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്.

ഏപ്രില്‍ പതിനാറിന് രണ്ട് പൊലീസുകാര്‍ മുനമ്പം സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മെയ് നാല് മുതല്‍ ഒന്‍പത് വരെയാണ് നിയന്ത്രണങ്ങള്‍. ഈ ദിവസങ്ങളില്‍ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാനും അനുമതി ഇല്ല.

അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണം.

ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്ര വിതരണം, ജലവിതരണം, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് തടസമില്ല. വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Kerala Highcourt covid restrictions kerala