'ഖുല്‍അ് '; ആഘോഷിക്കപ്പെട്ട ഹൈക്കോടതി വിധിയിലെ സ്ത്രീവിരുദ്ധ ചതിക്കുഴികള്‍
Opinion
'ഖുല്‍അ് '; ആഘോഷിക്കപ്പെട്ട ഹൈക്കോടതി വിധിയിലെ സ്ത്രീവിരുദ്ധ ചതിക്കുഴികള്‍
വി.പി. സുഹ്‌റ
Monday, 5th July 2021, 2:04 pm
ഒരു മതേതര ജനാധിപത്യ, രാഷ്ട്രമായ ഇന്ത്യയില്‍ കാലഹരണപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് സ്ത്രീകളെ അടിയറവ് പറയിക്കരുത്. നിയമത്തിലുള്ള വിവേചനപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാതെ ഖുല്‍അ് നിയമം കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭ്യമാവില്ല.

09.04.2021 ന് കേരളാ ഹൈക്കോടതി സുപ്രധാനമായ ഒരു വിധി പ്രസ്താവം നടത്തുകയുണ്ടായി. (2021 (2) KLT 967; 2021(2)KHC 709) ഖുല്‍അ്. ജ: മുഹമ്മദ് മുസ്താഖ്, ജ: സി.എസ് ഡയസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പ്രസ്താവം പുറപ്പെടുവിച്ചത്.

ഏകപക്ഷീയമായി പുരുഷന്മാര്‍ നടത്താറുള്ള ത്വലാഖിന് തുല്യമായ വിവാഹമോചന അവകാശം ഇസ്‌ലാമിക നിയമമായ ‘ഖുല്‍അ്’ പ്രകാരം ജുഡീഷ്യറിക്ക് പുറത്ത് വെച്ച് സ്ത്രീക്കും നടത്താം എന്നാണ് വിധിയില്‍ പറയുന്നത്.

ഈ വിധി ഒറ്റ നോട്ടത്തില്‍ ഏറെ പുരോഗമനമാണെന്ന് തോന്നിക്കുമെങ്കിലും സ്ത്രീപക്ഷത്ത് നിന്നു വിശകലനം ചെയ്ത് നോക്കുമ്പോള്‍ ഇതില്‍ പറയുന്ന വ്യവസ്ഥകളില്‍ പലതും ഈ കാലഘട്ടത്തില്‍ അപ്രായോഗികമാണെന്നതും ഗുരുതരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്നതുമാണ്.

ഖുല്‍അ് എന്ന സങ്കല്‍പം ഇസ്‌ലാമിക നിയമത്തില്‍ അധിഷ്ഠിതമാണെങ്കിലും അടുത്ത കാലത്താണ് അത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇസ്‌ലാമിക രാഷ്ട്രമായ പാക്കിസ്ഥാന്‍, സിറിയ, ഇറാഖ് തുടങ്ങി പല രാഷ്ട്രങ്ങളും വ്യത്യസ്തമായ ചില ഉപാധികളോടെ, അതാത് രാജ്യങ്ങളിലെ വ്യക്തിനിയമങ്ങളില്‍ വിശേഷിച്ചും വിവാഹമോചന നിയമങ്ങളില്‍ സ്ത്രീക്കും വിവാഹമോചനം നേടാമെന്ന സവിശേഷമായ അവകാശം നല്‍കിയിട്ടുണ്ട്.

ഉപാധികളോടെയെങ്കിലും ഇസ്‌ലാമിക നിയമത്തില്‍ സ്ത്രീക്ക് ലഭ്യമായ ഒരു അവകാശമാണ് khula (ഖുല്‍അ്). എന്നാല്‍ നൈജീരിയയിലും ചില വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ ഖുല്‍അ് ഉദാരമായിരിക്കുമ്പോള്‍ ഇറാഖ് പോലുള്ള രാജ്യങ്ങളില്‍ പുരുഷന്റെ പ്രത്യുല്‍പാദന ശേഷിയില്ലായ്മ പോലെയുള്ള ചില പ്രത്യേക കാരണങ്ങള്‍ ആസ്പദമാക്കി മാത്രമേ മുസ്‌ലിം സ്ത്രീക്ക് ഖുല്‍അ് പ്രകാരം വിവാഹമോചനത്തിന് സാധ്യമാകൂ.

കുട്ടികളുള്ള കേസുകള്‍ ആണെങ്കില്‍ സംരക്ഷണാവകാശം കരസ്ഥമാക്കാനോ മറ്റു തരത്തില്‍ നഷ്ടപരിഹാരം ലഭിക്കാനോ ഭര്‍ത്താവിന്ന് അവകാശമുണ്ട്.

ഇസ്‌ലാമിക നിയമത്തില്‍ അധിഷ്ഠിതമായ വിവാഹമോചന നിയമങ്ങളേക്കുറി ച്ച് പരിശോധിക്കുമ്പോള്‍ അഞ്ച് വ്യവസ്ഥകള്‍ കാണാം.

1. ത്വലാഖ് = മോചനം (പുരുഷന്മാര്‍ ഏകപക്ഷീയമായി നടത്തുന്ന വിവാഹമോചനത്തെയാണ് ത്വലാഖ് എന്ന് പറയുന്നത്.)

2. തഫ്‌വീസ് =ഏല്‍പ്പിക്കല്‍ (വിവാഹ മോചന അവകാശം പുരുഷന്‍ സ്ത്രീയെ ഏല്‍പ്പിക്കല്‍ )

3. മുബാറാത്ത് =  പരസ്പരം ഒഴിവാവുക ( പരസ്പര ധാരണയോടുകൂടി വിവാഹബന്ധം വേര്‍പെടുത്തുക)

4. ഫസ്ഖ് = ദുര്‍ബലപ്പെടുത്തുക.(വിവാഹ ബന്ധം ദുര്‍ബലപ്പെടുത്താനുളള സ്ത്രീക്ക് മാത്രമുള്ള അവകാശം )

5. ഖുല്‍അ് = ഒഴിവാകുക, സ്വാതന്ത്ര്യം നേടുക, (ഉപാധികളോടെ വിവാഹമോചനം നേടുക)
(മുന്‍കാലങ്ങളില്‍ സ്ത്രീ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് വിവാഹമോചനം നല്‍കാതിരുന്നാല്‍  ആ ഭര്‍ത്താവിന്ന് അയാള്‍ ആവശ്യപ്പെടുന്ന കാശ് കൊടുത്ത് വിവാഹമോചനം നേടുന്ന സമ്പ്രദായം നിലനിന്നിരുന്നു. അതിപ്പോഴും എവിടെയെങ്കിലും തുടരുന്നുണ്ടോ എന്നറിവില്ല.)

അത്‌പോലെ തന്നെ മുന്‍കാലങ്ങളില്‍ ഫസ്ഖ് നിയമം ഉപയോഗിച്ചുകൊണ്ട് സ്ത്രീകള്‍ വിവാഹ മോചനം പത്രപരസ്യങ്ങളില്‍ കൂടി നടത്തി വിവാഹമോചനം നേടുകയും, പുനര്‍ വിവാഹം നടത്താറുമുണ്ടായിരുന്നു.

എന്നാല്‍ 1939ല്‍ പാര്‍ലിമെന്റ് ഒരു നിയമം പാസാക്കി. (Dissolution of Muslim Marriage Act.1939) അതോടെ ജുഡീഷ്യറിക്ക് പുറത്തുള്ള വിവാഹ മോചനം അംഗീകരിക്കാതായി. ഈ നിയമത്തില്‍ ആവശ്യമായി വന്നാല്‍ ഒരു മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് കോടതിയെ സമീപിക്കണമെന്നുണ്ടെങ്കില്‍ ഇത്തരം കാരണങ്ങളുണ്ടായിരിക്കണം.

1. നാല് വര്‍ഷത്തോളം ഭര്‍ത്താവിനെക്കുറിച്ച് എവിടെയാണെന്ന് യാതൊരു വിവരവും അറിയാതിരിക്കുക.

2. രണ്ട് വര്‍ഷത്തോളം ഭര്‍ത്തവില്‍ നിന്ന് ചിലവ് ലഭിക്കാതിരിക്കുക.

3. ഭര്‍ത്താവിനെ ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ കാലത്തേക്ക് തടവിന് ശിക്ഷിക്കുക.

4. മൂന്ന് വര്‍ഷത്തോളം ഭര്‍ത്താവ് മതിയായ കാരണമില്ലാതെ ദാമ്പത്യപരമായ കടമകള്‍  നിര്‍വ്വഹിക്കാതിരിക്കുക.

5. വിവാഹ സമയത്തും അതിന് ശേഷവും  ഭര്‍ത്താവിന്  ലൈംഗീക ശേഷി ഇല്ലാതിരിക്കുക.

6. വിട്ടു മാറാത്ത മാനസിക രോഗം ,ഗുഹ്യ രോഗം, കുഷ്ടരോഗം എന്നിവയുണ്ടായിരിക്കുക.

7. പെണ്‍കുട്ടി പതിനഞ്ച് വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹമാണെങ്കില്‍ പതിനെട്ട് വയസ്സിന് മുമ്പ് വിവാഹ ബന്ധം ഉപേക്ഷിക്കുക. (കൂടെ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ശാരീരീക ബന്ധം പുലര്‍ത്താന്‍ പാടില്ല.)

8. മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുക. ക്രൂരത കാണിക്കുക. ഭര്‍ത്താവ് ഭാര്യയുടെ സ്വത്ത് ദുര്‍വ്യയം ചെയ്യുക. ഭാര്യയെ സ്വന്തം സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ അനുവദിക്കാതിരിക്കുക. മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അവളെ വിലക്കുക.

അധാര്‍മ്മിക ജിവിതം ഭര്‍ത്താവ് സ്വീകരിക്കുകയോ, അത് പോലുള്ള ജീവിതത്തിനു വേണ്ടി അവളെ പ്രോത്സാഹിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുക. ഒന്നിലധികം  ഭാര്യമാരുള്ളവര്‍ അവര്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കുക. ഇവയെല്ലാം ക്രൂരതയായി നിയമം കാണുന്നു.

9. മുസ്‌ലിം നിയമം അനുവദിക്കുന്ന മറ്റേതെങ്കിലും  കാരണം.

ഇത്തരത്തിലുള്ള ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് കോടതിയെ സമീപിക്കാമെന്നാണ് 1939ലെ (Dissolution of Muslim Marriage Act.1939) നിയമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

1939ല്‍  നിലവില്‍ വന്ന ഈ സുപ്രധാന  നിയമം  ഇസ്‌ലാമിക നിയമമായ സ്ത്രീക്ക് വിവാഹമോചനത്തിന് അധികാരം നല്‍കുന്ന ഫസ്ഖിന്റെ എല്ലാ അധികാരവും സ്ത്രീക്ക് നല്‍കിക്കൊണ്ടുള്ളതാണ്. ഈ ആക്ട് മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

കോടതി മുഖേന അവര്‍ക്ക് വിവാഹമോചനം നേടാന്‍ മാത്രമല്ല വിവാഹമോചനാനന്തരം മുന്‍ഭര്‍ത്താവില്‍ നിന്ന്  അവര്‍ക്ക് ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ കോടതി മുഖേന ചോദിച്ചു വാങ്ങാന്‍ കൂടി അധികാരം നല്‍കുന്നുണ്ട്. മാത്രമല്ല കുട്ടികളുടെ സംരക്ഷണാവകാശത്തിന് ഒരു പരിധിവരെ കോടതിയോട് അവര്‍ക്കവകാശപ്പെടാവുന്നതുമാണ്.

എന്നാല്‍ ജുഡീഷ്യറിയടെ പരിമിതികള്‍ മറ്റു കേസുകളിലുണ്ടാവുന്നത് പോലെ കാലതാമസം നേരിടേണ്ടി വരുന്നത് വിവാഹമോചന കേസിലും സംഭവിക്കുന്നത് കൊണ്ട് തന്നെ സ്ത്രീകളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഏറെക്കാലം കോടതി കയറി ജീവിതം നരകതുല്യമാവുന്ന അവസ്ഥ നിലനില്‍ക്കുന്നുമുണ്ട്.

സാമ്പത്തികമായും, മാനസികമായും,  ശാരീരികമായും സ്ത്രീകള്‍ക്കുണ്ടാവുന്ന ദുരിതങ്ങള്‍ മാതമല്ല കുഞ്ഞുങ്ങളേയും അത് സാരമായി ബാധിക്കുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വ്യക്തി നിയമത്തിലുള്ള ഖുല്‍അ് യെ വ്യാഖ്യാനിച്ചു കൊണ്ടുള്ള വിധി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

പ്രസ്തുത വിധിയിലെ വ്യാഖ്യനങ്ങളിലുള്ള കര്‍ശനമായ ചില ഉപാധികള്‍ ഈ  കാലഘട്ടത്തിന്നനുയോജ്യമല്ലാത്തതും സ്ത്രീകള്‍ക്ക് പ്രായോഗിക തലത്തില്‍ പ്രയാസമുണ്ടാക്കുന്നതുമാണ്.

ഖുല്‍അ്  നിയമത്തിലെ കോടതിയുടെ വ്യാഖ്യനങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പ്രസക്ത ഭാഗങ്ങള്‍:

1. പുരുഷന് ത്വലാഖ് എന്നപോലെ സ്ത്രീക്ക് ഖുല്‍അ്‌നും അവകാശമുണ്ട്.

2. ദാമ്പത്യ ബന്ധം തുടര്‍ന്ന് കൊണ്ട് പോകാന്‍ എല്ലാത്തരത്തിലും അസാധ്യമായാല്‍ സ്ത്രീക്കും ഖുല്‍അ് വഴി വിവാഹമോചനം നേടാം.

3. ഇതിനു വേണ്ടി കോടതിയെ സമീപിക്കേണ്ട ആവശ്യമില്ല. ( ജുഡീഷ്യറിക്ക് പുറത്ത്  വെച്ചാകാം)

4. ഭര്‍ത്താവിന്റെ സമ്മതം വേണ്ട.

5. ഖുല്‍അ്‌ന് മുമ്പ് മദ്ധ്യസ്ഥര്‍ മുഖേന അനുരഞ്ജനത്തിന്  ശ്രമം നടത്തിയിരിക്കണം. ഖുല്‍അ് ചെയ്ത കാര്യം വേണമെങ്കില്‍ കോടതിയെ അറിയിക്കുകയും അംഗീകാരം നേടുകയും ചെയ്യാം.

6. ഖുല്‍അ് നടത്തുമ്പോള്‍ ഭര്‍ത്താവില്‍ നിന്ന് മഹര്‍ അടക്കം ഭൗതീകമായി ലഭിച്ച സര്‍വ്വ സ്വത്തും തിരിച്ചു നല്‍കണം.

7. പരസ്പരസമ്മതത്തോടെ വിവാഹ മോചനം നേടാനുള്ള ഇസ്‌ലാമിക നിയമമായ മുബാറാത്ത് ഉപയോഗിച്ചു കൊണ്ട് ഖാസിമാരെപ്പോലുള്ള മൂന്നാം കക്ഷിയുടെ സാന്നിധ്യത്തില്‍ വിവാഹമോചനത്തിന് അനുമതി നല്‍കുക കൂടി ഈ ഖുല്‍അ് നിയമം അനുശാസിക്കുന്നു.

‘ഈ വിധി ന്യായത്തില്‍ 9ാം പേജില്‍  75ാം ഖണ്ഡികയിലുള്ള രണ്ടാമത്തെ കണ്ടീഷനില്‍ ദാമ്പത്യ ജീവിതത്തിനിടയില്‍ അവള്‍ക്ക് ലഭിച്ച മഹര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും  ഭൗതീകമായ നേട്ടം തിരികെ നല്‍കാനുള്ള ഓഫര്‍ ചെയ്യണം എന്നാണ്.’

ഒറ്റ നോട്ടത്തില്‍ പുരോഗമനമാണെന്ന് തോന്നുമെന്ന് പറഞ്ഞതിന്റെ കാരണങ്ങള്‍ ഒന്ന് മുതല്‍ നാല് വരെയുള്ള കാര്യങ്ങളില്‍ നിന്നുള്ളതാണ്.

തത്വത്തില്‍ സ്ത്രീകള്‍ക്കനുകൂലമായ വ്യവസ്ഥകള്‍ ഉണ്ടെങ്കിലും, പ്രായോഗിക തലത്തില്‍ കര്‍ശനമായ ഉപാധികളുള്ളതിനാല്‍ എത്രത്തോളം സ്ത്രീകള്‍ക്കിത് പ്രയോജനമാകും എന്നുള്ളതിലാണ് ആശങ്കപ്പെടുന്നത്.

ഒരു മുസ്‌ലിം പെണ്‍കുട്ടി വിവാഹിതയാകുമ്പോള്‍ നിക്കാഹ് സമയത്ത് അവള്‍ക്ക് അതില്‍ യാതൊരു തരത്തിലുള്ള പങ്കാളിത്തവുമില്ല. അവള്‍ ഒരിടത്തും ഒപ്പ് വെക്കുന്നില്ല. ഒരുപാധിയും വെക്കുന്നുമില്ല. ബന്ധുക്കളോ മറ്റാരെങ്കിലുമോ നടത്തിക്കൊടുക്കുന്ന വിവാഹത്തില്‍ അവള്‍ ഭര്‍ത്താവിനെ സ്വീകരിക്കുന്നു. 

ചിലപ്പോള്‍ അവള്‍ അന്നുവരെ കാണാത്ത, അവള്‍ക്കിഷ്ടമല്ലാത്ത ഒരാളെ അവള്‍ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിര്‍ബന്ധിതയാകുന്നു. മഹര്‍ പോലും നിശ്ചയിക്കുന്നതില്‍ അവള്‍ പങ്കാളിയല്ല. മറ്റുള്ളവരുടെ താല്‍പര്യത്തിന് അവള്‍ ഒരു ഉപകരണമായി വഴങ്ങിക്കൊടുക്കുന്നു.

അത്തരമൊരു വിവാഹത്തില്‍ തുടര്‍ന്നുള്ള ദാമ്പത്യ ജീവിതത്തില്‍ ഒരു തരത്തിലും മുന്നോട്ട് പോവാന്‍ സാദ്ധ്യമല്ലാതെ വരുമ്പോള്‍ ഖുല്‍അ് വഴി വേര്‍പിരിയാനാണെങ്കില്‍ കര്‍ശനമായ സകല ഉപാധികളും സ്വീകരിക്കണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്ന് മനസ്സിലാവുന്നില്ല.

നിക്കാഹ് സമയത്ത് ഉപാധികളില്ലാത്തവര്‍ക്ക് വേര്‍പിരിയുമ്പോള്‍ ഉപാധികളോടെ പിരിയാമെന്നാണ് നിയമം നിഷ്‌ക്കര്‍ഷിക്കുന്നത്.

മഹര്‍ എന്താണ്? വൈവാഹിക ജീവിതത്തിലേക്ക് കടക്കുമ്പോള്‍ പുരുഷന്‍ സ്ത്രീയെ ശാരീരികമായി സ്പര്‍ശിക്കണമെങ്കില്‍ കൊടുക്കേണ്ടുന്ന പാരിതോഷികം അല്ലെങ്കില്‍ കൂലിയാണ് മഹര്‍.

പുരുഷന്‍ ത്വലാക്ക് ചൊല്ലുമ്പോള്‍ പോലും അത് തിരിച്ചെടുക്കരുതെന്ന് ഇസ്‌ലാം കര്‍ശനമാക്കിയിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ നാലാമത്തെ അദ്ധ്യായത്തില്‍ 20ാം സൂക്തത്തില്‍ ദാമ്പത്യ ജീവിതത്തിനിടയില്‍ നിങ്ങള്‍ സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ ഭാര്യക്ക് നല്‍കിയിട്ടുണ്ടായിരുന്നെങ്കി ലും അതില്‍ നിന്നും ഒന്നും തന്നെ തിരിച്ചുവാങ്ങാവുന്നതല്ല എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

അതേ അദ്ധ്യാത്തില്‍ തന്നെ 21ാം സൂക്തത്തില്‍, നിങ്ങള്‍ എങ്ങനെ അത് തിരിച്ചു വാങ്ങും, നിങ്ങള്‍ പരസ്പരം സുഖമെടുക്കുകയും, അവര്‍ നിങ്ങളില്‍ നിന്നും ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയും ചെയ്തു കഴിഞ്ഞിരിക്കേ എന്നും ഖുര്‍ ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

ദാമ്പത്യ ജീവിതത്തിനിടയില്‍ അവള്‍ക്ക് ലഭിച്ച മഹര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭൗതീകമായ നേട്ടം തിരികെ നല്‍കാനുള്ള ഓഫര്‍ ചെയ്യണം എന്ന് നിയമം നിഷ്‌ക്കര്‍ഷിക്കുമ്പോള്‍, സമൂഹം അംഗീകരിച്ചു നല്‍കിയ ഭര്‍ത്താവിനൊപ്പം ഏറെക്കാലം ജീവിച്ചും അയാളെ പരിചരിച്ചും, മാനസികമായും ശാരീരീകമായും പങ്കുവെപ്പുകള്‍ നടത്തി അയാളുടെ മക്കളെ പ്രസവിച്ചും പരിപാലിച്ചും ജീവിതം തള്ളിനീക്കിയ ഒരു സ്ത്രീയുടെ ശരീരത്തിനേറ്റ ക്ഷതമോ, നഷ്ടപ്പെട്ട സൗന്ദര്യമോ അവള്‍ക്ക് ആര് തിരിച്ചു നല്‍കും?

വിവാഹസമയത്ത് അവളുടെ ബന്ധുക്കള്‍ പാരിതോഷികമായി അവള്‍ക്ക് നല്‍കിയ പണമോ സ്വത്തോ, സ്വര്‍ണ്ണമോ അയാള്‍ ഉപയോഗിക്കുകയോ, നഷ്ടപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ആര് തിരിച്ചു നല്‍കും?

കോടതി കയറിയിറങ്ങി ജീവിതം മടുത്ത് എങ്ങനെയെങ്കിലും ഇയാളില്‍ നിന്ന് മോചനം ലഭിച്ചാല്‍ മതിയെന്ന് കരുതി മക്കളടക്കം എല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഖുല്‍അ് നിയമം വഴി വിവാഹമോചനത്തിന് സമീപിക്കുമ്പോള്‍ വിവാഹമോചനാനന്തരം മുന്നോട്ടുള്ള അവളുടെ ജീവിതത്തിന് ലഭിക്കേണ്ടുന്ന ന്യായമായ അവകാശമായതും വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചതുമായ ജീവനാംശത്തിന് പോലും കോടതിയെ സമീപിക്കാന്‍ അര്‍ഹതയില്ലാതെ, മഹറടക്കം സകലതും സ്വന്തം മക്കളെപ്പോലും ഉപേക്ഷിച്ചുകൊണ്ട് വിവാഹമോചനം നേടാം എന്ന നിയമം ആരെയാണ് സംരക്ഷിക്കുന്നത്?

‘വിവാഹ മോചിതരായ സ്ത്രീകള്‍ക്ക് ന്യായമായ ജീവനാംശം നല്‍കാന്‍ മുന്‍ഭര്‍ത്താവ് ബാന്ധ്യസ്ഥനാണെന്ന് ഖുര്‍ആന്‍ 2ാം അദ്ധ്യായത്തില്‍ 241ാംസൂക്തത്തില്‍ അര്‍ദ്ധശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്.

ഖുര്‍ആന്‍ വചനത്തേക്കാള്‍ ശ്രേഷ്ടമാണോ ഹദീസുകള്‍? ചില ഹദീസുകളെ ഉദ്ധരിച്ചു കൊണ്ടാണ് ഖുല്‍അ് നിയമം വ്യാഖ്യാനിച്ചിട്ടുള്ളത്. ഇസ്‌ലാം സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയ അവകാശങ്ങളെല്ലാം തന്നെ വിവാഹ മോചിതനാക്കപ്പെട്ട ഭര്‍ത്താവില്‍ നിശ്ചിപ്തമാണ് എന്നുള്ളതും ശ്രദ്ധേയമാണ്.

ഒരു പക്ഷെ സമ്പന്നരായവര്‍ക്ക് ചിലപ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ നിയമം ഗുണകരമായേക്കാം. എന്നാല്‍ സാധാരണക്കാരായവര്‍ക്ക് വിവാഹമോചനത്തിനു വേണ്ടി അവര്‍ ഓഫര്‍ ചെയ്യുന്ന മഹറും മറ്റും തിരിച്ചു വാങ്ങാന്‍ വേണ്ടിയോ, കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയോ അയാള്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയാണെങ്കില്‍ കോടതി വ്യവഹാരവുമായി പോകുമ്പോള്‍ സ്ത്രീക്ക് എന്ത് നേട്ടമാണുണ്ടാവുക?

സ്ത്രീയുടെ പുനര്‍വിവാഹത്തെയും അത് പ്രതിസന്ധിയിലാക്കുകയില്ലേ? മാത്രവുമല്ല ജുഡീഷ്യറിക്ക് പുറത്തുള്ള വിവാഹമോചനം സാധൂകരി ക്കേണ്ടത് മഹല്ലുകളാണെന്നുള്ളതും പ്രശ്‌നങ്ങളുടെ രൂക്ഷത കൂട്ടുന്നു.

പുരുഷാധിപത്യ, മതാധിപത്യ ശക്തികളാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ അതെത്രത്തോളം സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്നും ഊഹിക്കാവുന്നതേ ഉള്ളൂ. ജുഡീഷ്യറിക്ക് പുറത്തുള്ള വിവാഹ മോചന നിയമങ്ങള്‍ ഒരു മതേതര രാഷ്ട്രമായ ഇന്ത്യാരാജ്യത്ത് നടപ്പിലാക്കുമ്പോള്‍ മത നിയമങ്ങള്‍ പലതും മതാധിപത്യ ശക്തികള്‍ക്ക് അടിയറ വെക്കേണ്ടി വരും.

ഇത് ശരീഅത്ത് കോടതിക്ക് തുല്യമായിരിക്കും. അപ്പോള്‍ ജുഡീഷ്യറിക്ക് എന്ത് പ്രസക്തിയാണുണ്ടാവുക? പുരുഷന്മാരുടേതടക്കം എല്ലാ വിവാഹ മോചനങ്ങളും കോടതി മുഖേനയാണ് നടത്തേണ്ടത്. കോടതികളില്‍ നേരിടേണ്ടി വരുന്ന കാലതാമസം ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

അതല്ലാതെ ഭാര്യ എന്ന സ്ത്രീയുടെ വ്യക്തിത്വം മുതല്‍ സര്‍വ്വതും അടിയറവെച്ചു കൊണ്ടുള്ള ഒരു നിയമമല്ല അടിച്ചേല്‍പ്പിക്കേണ്ടത്. ഏതായാലും ഒരു കാര്യം ഇവിടെ പ്രസക്തമാണ്.എല്ലാ വ്യക്തി നിയമങ്ങളും പുരുഷ കേന്ദ്രീകൃതമാണ്. എല്ലാനിയമങ്ങളും പുരുഷനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്.

സ്ത്രീയുടെ വ്യക്തി സ്വാതന്ത്യത്തെയോ, ലിംഗനീതിയേയോ ഉയര്‍ത്തിപ്പിടിക്കുന്നതിനേക്കാള്‍ നിയമങ്ങളില്‍ക്കൂടി മതങ്ങളെ ഉത്ഭോദിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത് .അത് ഭരണകൂടമായാലും ജുഡീഷ്യറിയായാലും വ്യത്യസ്തതകള്‍ക്കതീതമല്ല.

മുസ്‌ലിം രാഷ്ട്രമായ സൗദിയില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളെ നിയമിക്കുകയുണ്ടായി. ഹജ്ജ് ഉംറ സുരക്ഷാ ഗാര്‍ഡുകളായിട്ടാണ് സ്ത്രീകളെ നിയമിച്ചത്. ഈ അടുത്തകാലത്ത് പുരുഷന്റെ സഹായമില്ലാതെ സ്ത്രീക്ക് തനിച്ചു താമസിക്കാനുള്ള അവകാശവും സൗദിയില്‍ സ്ത്രീക്ക് നല്‍കിക്കൊണ്ട് അവരുടെ വ്യക്തിത്വത്തെ അംഗീരിക്കുകയുണ്ടായി.

പുരോഗമനപരമായും, സ്ത്രീസ്വാതന്ത്ര്യത്തിനുമുള്ള പല നിയമങ്ങളും സൗദി ഗവണ്‍മെന്റ് പോലും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമാണ് സൗദി എന്നോര്‍ക്കണം. മറ്റു പല മുസ്‌ലിം രാജ്യങ്ങളും ഇത്തരത്തില്‍ സമാനമായ പുരോഗമനപരമായ പല കാര്യങ്ങളും നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.

അധികാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം നേടുകയും ഉന്നത സ്ഥാനം തന്നെ ഏറ്റെടുത്തുകൊണ്ട് മുസ്‌ലിം സ്ത്രീകള്‍ പല മുസ്‌ലിം രാഷ്ട്രങ്ങളിലും വളരെ മുമ്പ് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഇത്തരം നേട്ടങ്ങള്‍ക്ക് പിന്നില്‍ ലോകത്താകമാനമുള്ള സ്ത്രീകളുടെ നിരന്തരമായ പോ രാട്ടത്തിന്റെ ചരിത്രമുണ്ട്.

ഒരു മതേതര ജനാധിപത്യ, രാഷ്ട്രമായ ഇന്ത്യയില്‍ കാലഹരണപ്പെട്ട നിയമങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് സ്ത്രീകളെ അടിയറവ് പറയിക്കരുത്. നിയമത്തിലുള്ള വിവേചനപരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാതെ ഖുല്‍അ് നിയമം കൊണ്ട് മുസ്‌ലിം സ്ത്രീകള്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭ്യമാവില്ല.

വ്യക്തിനിയമത്തില്‍ നിന്നുള്ള വിവേചനപരമായ എല്ലാ വിഷയങ്ങള്‍ക്കും ശാശ്വതമായ ഒരു പരിഹാരമാണ് മുസ്‌ലിം സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്. അതിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുക തന്നെ വേണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

വി.പി. സുഹ്‌റ
സാമൂഹ്യപ്രവര്‍ത്തക