എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി; സെക്‌സി ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Tuesday 21st November 2017 3:19pm

കൊച്ചി: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കേരള ഹൈക്കോടതി. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.

സനല്‍കുമാറിന്റെ സെക്‌സി ദുര്‍ഗയും മറാത്തി ചിത്രമായ ന്യൂഡും പാകിസ്ഥാന്‍ ചിത്രമായ സാവനും മേളയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സനല്‍കുമാറിന്റെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ ചിത്രങ്ങള്‍ മേളയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംവിധായകനും ജൂറി തലവനുമായിരുന്ന സുജോയ് ഘോഷ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് ഈ സ്ഥാനത്തേക്ക് രാഹുല്‍ റാവൈല്‍ എത്തുകയായിരുന്നു.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സെക്‌സി ദുര്‍ഗയുടെ പേരായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നീട് സെക്‌സി ദുര്‍ഗ എന്നത് എസ് ദുര്‍ഗയായി മാറ്റിയിരുന്നു. പ്രദര്‍ശാനുമതി നിഷേധിച്ചതോടെ തങ്ങളോട് ചര്‍ച്ച ചെയ്യാതെയാണ് ചിത്രങ്ങള്‍ പിന്‍വലിച്ചതെന്നു ജൂറിയും വ്യക്തമാക്കിയിരുന്നു.

ചിത്രത്തെ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും സംവിധായകന്‍ സനല്‍കുമാര്‍ തന്നെ പിന്‍വലിച്ചിരുന്നു. ചിത്രത്തെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

Advertisement